ജോജു ജോർജ് ആദ്യമായി സംവിധായകനാകുന്ന 'പണി'യെന്ന ചിത്രം ഒക്‌ടോബർ 24ന് തിയേറ്ററുകളിൽ എത്തുകയാണ്. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല തന്‍റെ ഉള്ളിലെ സംവിധാന മോഹമെന്ന് ജോജു ജോർജ് ചിത്രത്തിന്‍റെ പ്രസ് മീറ്റിനിടെ പറഞ്ഞു. തന്‍റെ കരിയറിലെ തന്നെ വഴിത്തിരിവായ ജോസഫ് എന്ന ചിത്രത്തിന് മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.
'ജോസഫ്' അഭിനയ ജീവിതത്തിലെ നാഴികക്കല്ലായതോടെ ധാരാളം അവസരങ്ങൾ തേടിയെത്തി. തത്ക്കാലം സംവിധാന മോഹത്തിന് അവിടെ ഫുൾ സ്‌റ്റോപ്പ് ഇടുകയായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണിയെന്ന ചിത്രത്തിന്‍റെ ആദ്യ ആശയം തന്നിലേക്ക് എത്തിച്ചേർന്നപ്പോൾ സംവിധായകനും ഛായാഗ്രഹകനുമായ വേണു ഐഎസ്‌സിയുമായി പ്രാഥമികമായി ചർച്ച നടത്തി. ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതാം എന്ന് മാത്രമായിരുന്നു ആ സമയത്ത് ചിന്ത. സംവിധാനം ചെയ്യണമെന്ന യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു.
വേണു സാറുമായി ആദ്യ ഡിസ്‌കഷൻ കഴിഞ്ഞപ്പോൾ 'ജോജു ഈ ചിത്രം സംവിധാനം ചെയ്യൂ, ഞാൻ ഇതിന്‍റെ ഛായാഗ്രഹകൻ ആകാം' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. വേണു സാറിന്‍റെ ആ വാക്കുകൾ ഉള്ളിൽ തട്ടി. അങ്ങനെയാണ് പണിയെന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നത്. എന്നെ ഒരു സംവിധായകൻ ആക്കുന്നത് വേണു ഐഎസ്‌സിയാണെന്ന് ജോജു ജോർജ് പറഞ്ഞു.
സിനിമയുടെ തിരക്കഥ പൂർത്തിയായപ്പോൾ ജോഷി സാർ അടക്കമുള്ളവരെ കൊണ്ട് സ്ക്രിപ്റ്റ് വായിപ്പിച്ചു. അവരുടെയൊക്കെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ലഭിച്ചതോടെ പ്രോജക്‌ട് ഓൺ. ഒരു വർഷത്തിനുമേൽ സിനിമ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിന്നാണ് പണിയെന്ന ചിത്രം സംവിധാനം ചെയ്‌ത് പൂർത്തിയാക്കിയത്. ബിഗ് ബോസ് താരങ്ങളായ സാഗറിനെയും ജുനൈസിനെയും കഥയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾ ആക്കി.
ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും തനിക്ക് സുപരിചിതരായതെന്ന് ജോജു വ്യക്തമാക്കി. സിനിമയുടെ എല്ലാ ഗ്രാമറും അഭിരുചിയും മനസിലാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ അത്യാവശ്യം വയലൻസ് ഉണ്ട് . തൃശൂർ പശ്ചാത്തലമായ കഥയാണിത്. പടത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ തന്‍റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ എളുപ്പമല്ലായിരുന്നുവെന്നും ജോജു ജോർജ് പറഞ്ഞു. ബസ് സ്‌റ്റാന്‍റുകളിലും ബസുകളിലും ഒക്കെ കിടന്നുറങ്ങിയ കാലം ഉണ്ടായിരുന്നു. തന്‍റെ മുഖം ആദ്യമായി ഒരു പോസ്‌റ്ററിൽ അച്ചടിച്ച് വന്നപ്പോൾ കിലോമീറ്ററോളം അത് കാണാൻ വണ്ടിയെടുത്ത് പോയിട്ടുണ്ട്. ആ കാലമൊക്കെ കഴിഞ്ഞു. കൃത്യമായി പണിയെടുത്താൽ മാത്രമേ നമുക്കിവിടെ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമായി.
ഒരു നടനാവാൻ എത്രത്തോളം കഷ്‌ടപ്പാടുകൾ നേരിട്ടോ അത്രയും തന്നെ ഒരു സംവിധായകൻ ആകുന്നതിനും എഫർട്ടിന്‍റെ രൂപത്തിൽ താൻ കഷ്‌ടപ്പെട്ടിട്ടുണ്ട്. സ്‌റ്റാർഡം ഉണ്ടെന്ന് കരുതി ഒന്നും എളുപ്പമല്ല. നന്നായി പണിയെടുക്കേണ്ടതായിട്ടുണ്ട്. നാളെ ഈ ചിത്രം തിയേറ്ററുകൾ എത്തുമ്പോൾ മാത്രമേ ഞങ്ങൾ സിനിമയ്ക്ക് വേണ്ടി എടുത്ത കഷ്‌ടപ്പാടുകൾ നിങ്ങൾക്ക് ബോധ്യമാവുകയുള്ളൂവെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.
Also Read: 'പണി വരുന്നു; ഈ പണി മലയാളസിനിമയ്‌ക്കുള്ള പണിയല്ല, നിങ്ങളാരും മലയാള സിനിമ കണ്ടിട്ടില്ല': ജോജു ജോർജ്