തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി പൂർണമായും നിഷേധിച്ച് ജയസൂര്യ. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍. തനിക്ക് നടിയുമായി ഒരു സൗഹൃദവും ഇല്ലെന്നും ജയസൂര്യ പ്രതികരിച്ചു.
2008ൽ സെക്രട്ടറിയേറ്റിൽ നടന്ന സിനിമ ഷൂട്ടിംഗിനിടെ ജയസൂര്യ തന്നെ കടന്നു പിടിച്ചെന്ന നടിയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. സെക്രട്ടറിയേറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിംഗ് നടന്നത്. മൂന്നാം നിലയിൽ വെച്ച് തന്നെ കടന്നു പിടിച്ചെന്നാണ് നടിയുടെ പരാതി. ഇത് വ്യാജമാണെന്ന് ജയസൂര്യ പറഞ്ഞു.
അതേസമയം നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 2008 ജനുവരി ഏഴിനും പത്തിനും ഇടയിൽ സംഭവം നടന്നെന്നാണ് നടിയുടെ പരാതി. എന്നാൽ ഏത് തീയതിയിലാണ് സെക്രട്ടേറിയേറ്റ് ഷൂട്ടിംഗിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണ വകുപ്പിണും കഴിഞ്ഞില്ല.
ഇതിന്‍റെ രേഖകൾ ഇപ്പോൾ കൈവശം ഇല്ലെന്നായിരുന്നു വകുപ്പ് അന്വേഷണ സംഘത്തിന് നൽകിയ മറുപടി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ജയസൂര്യയെ വിളിക്കാനും സാധ്യതയില്ല.