ഹൈദരാബാദ് : ബോളിവുഡ് ചിത്രം ആനിമലിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിഖ്യാത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ആനിമല്‍ ചിത്രത്തെ ജാവേദ് അക്തര്‍ വിമര്‍ശിച്ചതിന് പിന്നാലെ സന്ദീപ് റെഡ്ഡി വംഗ അദ്ദേഹത്തെ കടന്നാക്രമിച്ച് രംഗത്ത് വന്നിരുന്നു.
താൻ സന്ദീപിനെയല്ല വിമർശിക്കുന്നതെന്നും അത്തരം സിനിമകളെ പ്രേക്ഷകർ എങ്ങനെ ഉള്‍ക്കൊള്ളും എന്നതിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചതെന്നും ജാവേദ് വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരെ സ്വാധീനിക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
നേരത്തെ, ആനിമൽ എന്ന ചിത്രത്തിലെ ഷൂ നക്കുന്ന രംഗത്തെ ജാവേദ് വിമര്‍ശിച്ചിരുന്നു. ഇന്ന് സമൂഹം കൈയ്യടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന യുവ സംവിധായകർക്ക് ഒരു പരീക്ഷണ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ഒരു പുരുഷൻ സ്ത്രീയോട് ചെരിപ്പ് നക്കാൻ ആവശ്യപ്പെടുന്ന ഒരു സിനിമയുണ്ടായാല്‍, സ്ത്രീയെ സ്ത്രീ ആയത് കൊണ്ട് തല്ലിയാലും കുഴപ്പമില്ല എന്ന് ഒരു പുരുഷൻ പറയുന്ന സിനിമയുണ്ടായാല്‍... അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായാല്‍... അത് വളരെ അപകടകരമാണ് എന്നായിരുന്നു ജാവേദ് അക്തറിന്‍റെ പരാമര്‍ശം.
ഇതിന് മറുപടിയായി, എന്തുകൊണ്ടാണ് മിർസാപൂർ നിർമ്മിക്കുമ്പോൾ മകന്‍ ഫർഹാൻ അക്തറിനോട് ഇതേ കാര്യം പറയാതിരുന്നതെന്ന് സന്ദീപ് ചോദിച്ചു. ഈ സീരീസ് മുഴുവന്‍ അധിക്ഷേപങ്ങൾ നിറഞ്ഞതാണെന്നും താൻ മുഴുവൻ ഷോയും കണ്ടിട്ടില്ലെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.
'ഞാൻ ആ സംവിധായകനെ വിമർശിച്ചിട്ടില്ല. ഒരു ജനാധിപത്യ സമൂഹത്തിൽ, അദ്ദേഹത്തിന് ഒരു ആനിമലും മറ്റ് നിരവധി ആനിമലുകളും നിര്‍മിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംവിധായകനെ കുറിച്ചല്ല, പ്രേക്ഷകരെക്കുറിച്ചാണ് എനിക്ക് ആശങ്ക. ഏത് സിനിമയും നിര്‍മിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. എന്‍റെ ആശങ്ക സിനിമ ആഘോഷിച്ച കോടിക്കണക്കിന് ആളുകളെക്കുറിച്ചാണ്' ജാവേദ് വ്യക്തമാക്കി.
'അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. 53 വർഷത്തെ എന്‍റെ കരിയറിൽ, ഒരു സിനിമയോ, ഒരു തിരക്കഥയോ, ഒരു സീനോ, ഒരു സംഭാഷണമോ, ഒരു ഗാനമോ മോശമാണെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് അയാൾക്ക് എന്‍റെ മകന്‍റെ ഓഫീസിലെത്തി ഒരു ടിവി സീരിയൽ കണ്ടെത്തേണ്ടി വന്നു. അതാകട്ടെ ഫർഹാൻ അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ എഴുതുകയോ ചെയ്യാത്ത ഒന്നാണ്. അദ്ദേഹത്തിന്‍റെ കമ്പനിയാണ് അത് നിർമ്മിച്ചത് എന്നുള്ളത് ശരിയാണ്. എന്‍റെ 53 വർഷത്തെ കരിയറിൽ നിങ്ങൾക്ക് ലൈംഗിക വൈകൃതമുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ? എന്തൊരു നാണക്കേട്.'-ജാവേദ് അക്തര്‍ പരിഹസിച്ചു.
2023 ഡിസംബറിൽ റിലീസ് ചെയ്‌ത ആനിമൽ 542.93 കോടി കളക്ഷന്‍ നേടി ബ്ലോക്ക്ബസ്‌റ്റർ ആയി മാറിയിരുന്നു. രൺബീർ കപൂർ നായകനായ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സിനിമാ രംഗത്ത് നിന്നും ഒരുപോലെ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും കിട്ടിയിരുന്നു.