പുഷ്‌പക വിമാനത്തില്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ മാര്‍ഗ തടസം സൃഷ്‌ടിച്ച പക്ഷിയാണ് ജഡായു. പുരാണ കഥയായ രാമായണത്തിലെ ഒരു സുപ്രധാന കഥാപാത്രം. കഥകളില്‍ മാത്രമാണ് നാം ജഡായുവിനെ കുറിച്ച് കേട്ടത് അല്ലേ, എന്നാല്‍ അത്തരം ഒരു ജഡായു ഇന്ന് കേരളത്തിലുമുണ്ട്. കേരള ടൂറിസത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയ പക്ഷി. പാറമുകളിൽ മനോഹരമായി പണി തീർത്ത ലോകത്തിലെ ഏറ്റവും വലിയ പക്ഷിയുടെ പ്രതിമയാണ് ജടാഡു.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് എംസി റോഡരികിലാണ് ഈ ചിറകു വിടര്‍ത്തി നില്‍ക്കുന്ന ജഡായുവുള്ളത്. ഇവിടെ നിന്നു 360 ഡിഗ്രിയിൽ കാണുന്ന വിശാലമായ പ്രകൃതിദൃശ്യം ആരേയും കണ്ണിന് കുളിരണിയിക്കുന്നതാണ്.
ലോക വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടെ. എന്നാല്‍ ഈ ചിറകു വിരിച്ചു നില്‍ക്കുന്ന പക്ഷിയുടെ സൃഷ്‌ടിക്ക് പിന്നില്‍ വലിയൊരു അദ്ധ്വാനത്തിന്‍റെ കഥയുണ്ട്. ഇത് നിര്‍മിച്ചതോ മലയാളത്തിന്‍റെ പ്രശസ്‌ത സംവിധായകന്‍ രാജീവ് അഞ്ചല്‍ ആണ്.
ഒരു സംവിധായകന്‍ എന്നതിനപ്പുറം ആര്‍ട്ട് ഡയറക്‌ടറും അറിയപ്പെടുന്ന ശില്‌പി കൂടിയാണദ്ദേഹം. തന്നിലെ ശില്‌പിയെ കുറിച്ചും ജഡായു പാറ ഇത്രയും ഭംഗിയായി നിര്‍മിച്ചതിനെ കുറിച്ചുമൊക്കെ രാജീവ് അഞ്ചല്‍ ഇ ടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.
നീണ്ട ഇടവേള
നീണ്ട 12 വർഷക്കാലമാണ് സിനിമയിൽ നിന്നും അവധിയെടുത്തത്. അതൊരുപക്ഷേ നിഷ്ക്രിയനായി വീട്ടിൽ ഒതുങ്ങി കൂടാനുള്ള ഇടവേള ആയിരുന്നില്ല. നിങ്ങൾക്കെല്ലാം അറിയാവുന്ന കേരളത്തിന്‍റെ ടൂറിസം മുഖമുദ്രയായ ജഡായു എർത്ത് സെന്‍ററിന്‍റെ സൃഷ്‌ടിയിലായിരുന്നു ഇക്കാലമത്രയും. ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറി ഇപ്പോൾ ജഡായു എർത്ത് സെന്‍റര്‍ .
ഒരു സ്വപ്നത്തിന്‍റെ വലിയ സാക്ഷാത്കാരം. ഊണും ഉറക്കവും കളഞ്ഞ് ഒരു തപസ്യ പോലെയാണ് ജഡായു പാറയെ ഇപ്പോൾ കാണുന്ന രീതിയിൽ സൃഷ്ടിച്ചെടുത്തത്. ജഡായു എർത്ത് സെന്‍ററിന്‍റെ നിർമ്മാണത്തെ ഒരു തപസ്യ എന്ന് വേണം വിശേഷിപ്പിക്കാൻ. അത്രയധികം കഷ്‌ടപ്പെട്ടിട്ടുണ്ട്.
അക്ഷരാർത്ഥത്തിൽ ഒരു വ്യാഴവട്ടക്കാലം 12 വർഷം ഒരു തപസ് പോലെയായിരുന്നു. നിരവധി പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്‌തതാണ് ജഡായുവിനെ സൃഷ്ടിച്ചെടുത്തത് എന്ന് പറഞ്ഞാൽ അതിശയോക്തിയാകും. മനസില്‍ കാര്യങ്ങളെ സങ്കൽപ്പത്തിലൂടെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു കഴിവ് തനിക്കുണ്ട്. അതുകൊണ്ടുതന്നെ ചടയമംഗലം എം സി റോഡിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ഇപ്പോൾ കാണുന്ന ജഡായു എർത്ത് സെന്‍ററിന്‍റെ സമാന രൂപത്തിൽ ശില്‌പം നിർമ്മിക്കുന്നതിന് മുന്നേ തന്നെ ഞാൻ അവിടെ കണ്ടിട്ടുണ്ട്.
വെറും പാറയായിരുന്നു ആ മലനിരകളെ ദൂരെ മാറിനിന്ന് ആദ്യം വീക്ഷിച്ചു. ആ പാറയ്ക്ക് മുകളിൽ ചിറകു വിരിച്ച് കിടക്കുന്ന ജഡായുവിനെ മനസില്‍ ആദ്യം വരച്ചിട്ടു. ആ പാറക്കെട്ടിനെ ദൂരെ നിന്ന് കാണാവുന്ന മൂന്ന് ദിശകളിൽ ദിവസങ്ങളോളം ചെന്നു നിന്ന് വീക്ഷിക്കുമായിരുന്നു. പാറയുടെ അടുത്തേക്ക് ചെന്നാൽ ദൂരെ നിന്ന് കാണുന്നതുപോലെ അല്ല. ഭീമകാരമാണ്, ആ മലനിരകൾക്കു മുകളിൽ കിഴക്കു പടിഞ്ഞാറ് ദിശയിൽ കിടക്കുന്ന രീതിയിലാണ് ജടായുവിനെ സൃഷ്‌ടിക്കേണ്ടത്.
പാറയുടെ മുകളിൽ ജഡായു ചിറകു വിരിച്ചു കിടക്കുന്നത് മനസിൽ കോറിയിട്ടതിൽ പിന്നെ സ്വയം മറന്നു. താൻ തന്നെക്കുറിച്ച് അതിനുശേഷം ചിന്തിച്ചിട്ടില്ല. ദിവസം മുഴുവൻ ജഡായു മാത്രമായി ഉള്ളിൽ.
തന്‍റെ ഉള്ളിലെ ശില്‌പി
ഒരു ദിവസം നിരവധി തവണ ആ പാറയ്ക്ക് മുകളിൽ വലിഞ്ഞു കയറേണ്ടതായി വന്നു. ഇപ്പോൾ കാണുന്നതുപോലെ മുകളിലേക്ക് പോകാൻ കേബിൾ കാർ ഒന്നും അക്കാലത്ത് ചെയ്‌തിട്ടില്ല. പണി തുടങ്ങിയ ശേഷമാണ് ഒരു മെറ്റീരിയൽ വിഞ്ച് ഉണ്ടാക്കിയത്.
പണിക്കാവശ്യമായ സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു അതിന്‍റെ സൃഷ്‌ടി. തനിക്കും തൊഴിലാളികൾക്കും മലയുടെ മുകളിലേക്ക് കയറി പോകാൻ പിന്നീട് ആ സംവിധാനം ഉപയോഗിച്ചു. അതിനിടയിൽ മെറ്റീരിയൽ വിഞ്ച് ഒരു വലിയ അപകടത്തിൽ പെടുകയുണ്ടായി.
അതിനുശേഷം പിന്നെ താൻ നടന്നു കയറും. ഒരു ദിവസം നിരവധി തവണ മലകയറി ഇറങ്ങണം. ചിലപ്പോഴൊക്കെ മലമുകളിൽ തന്നെ താമസിക്കും. അതൊരു മികച്ച അനുഭവമായിരുന്നു. മല കയറി ഇറങ്ങുക എന്ന് പറഞ്ഞാൽ വളരെ എളുപ്പമുള്ള കാര്യമല്ല. ആ സമയത്തൊക്കെ ഉള്ളിലെ ശില്പിയാണ് തന്‍റെ ഉള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്നത്.
വീടിന് മുകളിലൂടെ വട്ടമിട്ടു പറന്ന പരുന്ത്
ജഡായു എർത്ത് സെന്‍റര്‍ രൂപം ആദ്യം പ്ലാസ്‌റ്റര്‍ ഓഫ് പാരീസ് മെറ്റീരിയലിൽ മനസില്‍ കണ്ടതുപോലെ വീട്ടിൽ വച്ച് സൃഷ്ടിച്ചു. ജഡായുവിന്‍റെ കൃത്യമായ ഒരു കിടപ്പിന്‍റെ ആംഗിൾ മനസ്സിൽ കണ്ടതുപോലെ എത്ര ശ്രമിച്ചിട്ടും ആദ്യം ഒന്നും പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച് എടുക്കാൻ സാധിക്കുമായിരുന്നില്ല.
ഇൻവെസ്റ്റേഴ്സിനു മുന്നിൽ ശില്‌പം കാണിച്ചു കൊടുക്കേണ്ട ദിവസം രാവിലെയാണ് മനസില്‍ ഇണങ്ങിയ രീതിയിൽ ഒരു ഡെമോ സൃഷ്ടിച്ചെടുക്കാൻ സാധിച്ചത്. അത് ഉണക്കാനായി വീടിന്‍റെ മുന്നിൽ വെയിലത്ത് കൊണ്ടു വച്ചു. പെട്ടെന്ന് ഒരു ശബ്‌ദം കേൾക്കുകയാണ്. മുകളിൽ നിന്നാണ് ശബ്‌ദം.
ആകാശത്തേക്ക് നോക്കിയപ്പോൾ ഒരു പരുന്ത് തന്‍റെ വീടിന് ചുറ്റും ചിറകു വിരിച്ച് വട്ടമിട്ട് പറക്കുന്നു. ആ പരുന്ത് വലിയ ശബ്‌ദവും ഉണ്ടാക്കുന്നുണ്ട്. ഞാനെന്‍റെ ജീവിതത്തിൽ ഇതുവരെ പരുന്തിന്‍റെ ശബ്‌ദം കണ്ടിട്ടില്ല. തന്‍റെ വീടിനുമുകളിൽ ഇത്രയും താഴ്ന്നു പറക്കുന്ന ഒരു പരുന്തിനെയും ഇതുവരെ കണ്ടിട്ടില്ല. കേൾക്കുന്നവർക്ക് അതിശയോക്തി തോന്നാമെങ്കിലും താൻ പറയുന്നത് വാസ്‌തവമാണ്.
സൃഷ്‌ടിയുടെ വേദന
കുറെ പണമുണ്ടെങ്കിൽ പാറയുടെ മുകളിൽ ഒരു ശില്‌പം ഈസിയായി നിർമ്മിക്കാമല്ലോ എന്നായിരിക്കും പലരുടെയും ചിന്ത. ജഡായു സെന്‍റര്‍ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയത്ത് സാമൂഹിക സാഹചര്യങ്ങൾ ഒന്നും തന്നെ അനുകൂലമായിരുന്നില്ല. ജഡായു ചിറകു വിരിച്ചിരിക്കുന്ന മലനിരകൾ മദ്യപാനികളുടെയും പിടിച്ചുപറിക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായിരുന്നു. അങ്ങനെയുള്ള ഒരു പ്രദേശത്ത് ഓർഗനൈസ്‌ഡ് ആയിട്ടുള്ള ഒരു സംഭവം കൊണ്ടുവരിക എന്നുള്ളത് ചെറിയ കാര്യമല്ല. എതിർപ്പുകളുടെ ഒരു ഘോഷയാത്രയായിരുന്നു.
ആദ്യ സമയങ്ങളിൽ നമ്മൾ ഉണ്ടാക്കി വെച്ച ശില്പത്തിന്‍റെ ഭാഗങ്ങളൊക്കെ തന്നെ സാമൂഹിക വിരുദ്ധർ രാത്രിയിൽ തകർത്തു കളയുമായിരുന്നു. അതിനുശേഷം സാമൂഹിക വിരുദ്ധർ അകത്തേക്ക് കടക്കാതിരിക്കാൻ ഒരു വേലി നിർമ്മിച്ചു. തൊട്ടടുത്ത ദിവസം വേലിയും അവർ തകർത്തു. പലപ്പോഴും താൻ മല മുകളിലേക്ക് കയറുമ്പോൾ വഴിയിൽ സാമൂഹിക വിരുദ്ധർ തടയും. കയ്യിലുള്ളതൊക്കെയും പിടിച്ചു പറിക്കാൻ ശ്രമിക്കും. ചിലപ്പോൾ അവർ മദ്യപിച്ച് കൊണ്ടിരിക്കുകയായിരിക്കും. അപ്പോഴാണ് തടയുന്നതെങ്കിൽ നിർബന്ധിച്ചു തന്നെ മദ്യം കുടിപ്പിക്കാൻ ശ്രമിക്കും. അതിനായി ബലം പ്രയോഗിക്കും. അത്തരം സാഹചര്യങ്ങളിൽ നിന്ന് തടിതപ്പി പോവുക എളുപ്പമല്ല.
മലനിരകളും കൊടും കാടുമായി കിടന്ന പ്രദേശം സാമൂഹിക വിരുദ്ധരുടെ സാമ്രാജ്യമായിരുന്നു. ആ പ്രദേശത്തെ ലോകം മുഴുവൻ തിരിഞ്ഞു നോക്കുന്ന ഒരു ഭൂമികയാക്കി മാറ്റിയിട്ടുണ്ടെങ്കിൽ ആ കഠിനാധ്വാനത്തിനെ മനസിനും ശരീരത്തിനും ഏൽക്കുന്ന വേദനയോട് ഉപമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അതെ ശരിക്കും വേദനയായിരുന്നു. സൃഷ്‌ടിയുടെ വേദന മുഴുവൻ അനുഭവിച്ചത് താനാണ്.
ശില്‌പത്തിന് പിന്നില്‍
മനസ്സിൽ ഉദിച്ച ആശയം യാഥാർത്ഥ്യം ആയിട്ടുണ്ടെങ്കിൽ നമ്മൾ ഇത്തരം വേദനകൾ സഹിച്ചു എന്നതുകൂടി അർത്ഥമാക്കേണ്ടതുണ്ട്. ഒരു ശില്‌പം കാണാൻ ആളുകൾ ടിക്കറ്റ് എടുത്ത് വരുമെന്ന് ചിന്തിച്ചുപോലും തുടങ്ങാത്ത കാലത്താണ് ജടായുവിന്‍റെ രൂപകല്പന.
സർദാർ വല്ലഭായി പട്ടേലിന്‍റെ പ്രതിമ സൃഷ്ടിക്കുന്നതിനു മുൻപ് തന്നെ ജഡായു പ്രവർത്തനമാരംഭിച്ചിരുന്നു. ഇനി ജഡായുവാണ് സംസാരിക്കേണ്ടത്. വടക്കേ ഇന്ത്യയിൽ നിന്നും ധാരാളം സഞ്ചാരികൾ ജഡായു പാറ കാണാൻ എത്തുന്നുണ്ട്.
ടൂറിസത്തിന്‍റെ കാഴ്ചപാടിൽ അല്ലാതെ ശില്‌പ ഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഏറെ. അങ്ങനെ ഒരു അംഗീകാരം ജഡായു സെന്ററിന് ലഭിച്ചിട്ടുണ്ടെങ്കിൽ അതൊരു ത്യാഗത്തിന്‍റെ ഫലമാണ്.
Also Read:മനസ് മടുത്ത് എല്ലാം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട്; ഹാസ്യ കലാകാരന്‍ ദീപു നാവായിക്കുളം