തിങ്കളാഴ്ച നിശ്ചയം, സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, കണ്ണൂർ സ്‌ക്വാഡ്, പദ്‌മിനി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് സജിന്‍ ചെറുകയില്‍. അഭിനേതാവായി മികച്ച പ്രകടനം കാഴ്‌ചവച്ച സജിന്‍ തിരക്കഥാകൃത്ത് കൂടിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ അള്ള് രാമചന്ദ്രൻ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായാണ് എഴുത്തുകാരൻ എന്ന നിലയിൽ സജിൻ പ്രശസ്‌തനാകുന്നത്. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അയാം കാതലന്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥാ കൃത്താണ് സജിന്‍ ചെറുകയില്‍. ടെക്നോ ക്രൈം ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്. ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് പറയുകയാണ് സജിന്‍. സിനിമയുടെ വിശേഷങ്ങള്‍ സജിന്‍ ചെറുകയില്‍ ഇടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.
അയാം കാതലന്‍ സംഭവിക്കുന്നത്
അയാം കാതലൻ എന്ന സിനിമയുടെ കഥ വളരെ കാലം മുൻപ് തന്നെ മനസ്സിൽ ഉദിച്ചിരുന്നു. ഡെവലപ്പ് ചെയ്യാനുള്ള ഒരു മടി കൊണ്ട് അതൊരു ആശയമായി തന്നെ തുടരുകയാണ് ഉണ്ടായത്. നമുക്ക് ചുറ്റും സംഭവിക്കുന്നതും കണ്ടതും കേട്ടതും ഒക്കെ ആശയത്തിന് മജ്ജയും മാംസവുമായി. ലോക്ക്ഡൗൺ കാലത്ത് ആശയം തിരക്കഥ രൂപത്തിലേക്ക് മാറുകയായിരുന്നു. സുഹൃത്തായ സംവിധായകൻ ഗിരീഷ് എ ഡി യോട് തിരക്കഥ വായിച്ചു കേൾപ്പിച്ചപ്പോൾ അദ്ദേഹം അതിനോട് താല്പര്യം പ്രകടിപ്പിച്ചു. ഗിരീഷിന് ഒരു ആശയം ഇഷ്ടമായാൽ അതിനൊരു മൂല്യമുണ്ടെന്ന് താൻ കരുതുന്നു. തുടർന്ന് സിനിമ സംഭവിക്കുകയായിരുന്നു. പ്രൊഡക്ഷൻ സംബന്ധമായ കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ സംഭവിച്ചത് കൊണ്ടാണ് സിനിമയുടെ റിലീസിംഗ് വൈകിയത്.
ഈ സിനിമയുടെ ആശയം ലഭിക്കുന്നതിന് ഒരു മൂല കാരണം ഉണ്ട്. ഇടക്കാലത്ത് ചില പാക്കിസ്ഥാൻ ഹാക്കേഴ്‌സ് മോഹൻലാലിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ ദി കംപ്ലീറ്റ് ആക്ടർ ഹാക്ക് ചെയ്യുകയുണ്ടായി. അതിനെ തുടർന്ന് കേരളത്തിന്‍റെ പല പ്രമുഖ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യ മഹാരാജ്യത്തെ ഡിഫൻസ് ഹാക്കേഴ്‌സ് അല്ല ഇത്തരം പ്രവർത്തികൾക്ക് മറുപടി പറഞ്ഞത്. നമ്മുടെ കേരളത്തിലെ ഹാക്കേഴ്‌സ് കമ്മ്യൂണിറ്റിയിൽ പെട്ട ചിലർ പാക്കിസ്ഥാന്‍റെ ഡിഫൻസ് വെബ്സൈറ്റ് വരെ ഹാക്ക് ചെയ്‌തു കൊണ്ടാണ് നമ്മുടെ ശക്തി കാട്ടിയത്. പാക്കിസ്ഥാന്‍റെ ഡിഫൻസ് വെബ്സൈറ്റിൽ നീ പോ മോനെ ദിനേശാ എന്ന ടാഗ് ലൈനോടെ ആടുതോമയുടെ ചിത്രം പ്രദർശിപ്പിച്ച് നമ്മുടെ ഹാക്കേഴ്‌സ് പകരം വീട്ടി.
പാകിസ്‌താന്‍റെ പല വെബ്സൈറ്റുകളും അക്കാലത്ത് നമ്മുടെ മലയാളി ഹാക്കേഴ്‌സ് കമ്മ്യൂണിറ്റിയിൽ പെട്ടവർ ഹാക്ക് ചെയ്‌ത് ലാലേട്ടന്റെയും സലിംകുമാറിന്‍റെ കഥാപാത്രങ്ങളുടെയും മീമുകൾ പോസ്‌റ്റ് ചെയ്‌തു. ഈയൊരു സംഭവമാണ് അയാം കാതലൻ എന്ന ചിത്രത്തിന് പ്രചോദനമായത്. ചിത്രത്തിലെ കഥാപാത്രം ഒരു ദേശീയ ഹാക്കറാണ്. വലിയ ബാങ്ക് കൊള്ളയോ, ഇന്റർനാഷണൽ സംഭവങ്ങളോ അല്ല ചിത്രം ചർച്ചചെയ്യുന്നത്.
സിനിമയിലേക്കുള്ള വഴി
ഒരു സ്വകാര്യ കമ്പനിയിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്‌തു കൊണ്ടാണ് തന്‍റെ തുടക്കം. സംവിധായകൻ ഗിരീഷ് എ ഡി യുമായുള്ള സൗഹൃദം സിനിമ മോഹങ്ങൾക്ക് ചിറകു നെയ്യാൻ സഹായകമായി. ജോലിചെയ്യുന്ന കാലത്തുതന്നെ സുഹൃത്തായ ഗിരീഷ് എ ഡിയുടെ ചില ഷോർട്ട് ഫിലിമുകളിൽ വേഷമിട്ടു. അഭിനയിക്കുമ്പോഴും എഴുതുന്നതിനോട് വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഗിരീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിലെ പ്രകടനം കണ്ടിട്ടാണ് ലില്ലി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അങ്ങനെയായിരുന്നു മലയാള സിനിമ മേഖലയിലേക്കുള്ള തന്റെ കടന്നുവരവ്.
മമ്മൂക്കയോടൊപ്പം അഭിനയിച്ചത്
കണ്ണൂർ സ്ക്വാഡിൽ അഭിനയിച്ചതും മമ്മൂക്കയോടൊപ്പം ഉള്ള നിമിഷങ്ങളും ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായി കരുതുന്നു. കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കാനായി സെറ്റിൽ എത്തുന്നു. മമ്മൂക്കയെ നേരിട്ട് കാണുകയാണ്. സൂപ്പർ ശരണ്യ എന്ന ചിത്രം ആ സമയത്ത് വളരെ സക്‌സസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. സൂപ്പർ ശരണ്യയിൽ അഭിനയിച്ചിട്ടുണ്ടോ എന്നല്ല എന്നോട് മമ്മൂക്ക ആദ്യം ചോദിച്ചത്. ഇയാൾ കരിക്ക് എന്ന വെബ് സീരീസിൽ അഭിനയിച്ചിട്ടുണ്ടോ എന്നാണ്. മമ്മൂക്ക കരിക്കിന്‍റെ ആ എപ്പിസോഡ് കണ്ടിരിക്കുന്നു. അതിലെ എന്‍റെ പ്രകടനത്തെ മമ്മൂക്ക പ്രശംസിച്ചു. മമ്മൂക്ക ഇവിടെ ഇറങ്ങുന്ന എല്ലാ വെബ് സീരീസുകളും ഷോർട്ട് ഫിലിമുകളും വീക്ഷിക്കുന്നുണ്ട്. നല്ല പ്രകടനം കാഴ്ചവച്ചാൽ പുള്ളി തന്നെ അവസരങ്ങൾ നൽകും.
നമ്മൾ പറഞ്ഞു കേട്ടതൊന്നുമല്ല മമ്മൂക്കയുടെ സ്വഭാവം. എന്‍റെ ഭാഗത്തുനിന്ന് മമ്മൂക്കയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അതൊരു ക്ലീഷേ ആയേ വായിക്കുന്നവർ കരുതുകയുള്ളൂ. ദേഷ്യക്കാരൻ ആണെന്നും പ്രശ്നക്കാരനാണെന്നും ഉള്ള മുൻധാരണയോടുകൂടി ചെന്ന് എന്‍റെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റി.
സിമ്പിൾ മനുഷ്യൻ.
കണ്ണൂർ സ്ക്വാഡിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നപ്പോൾ മമ്മൂക്ക ദേഷ്യപ്പെട്ട് അഭിനയിക്കുന്നത് കണ്ട് അത് ഒറിജിനൽ ആണെന്ന് കരുതി ക്യാമറാമാൻ ഭയപ്പെടുന്ന ഒരു രംഗം ഉണ്ടായിരുന്നു. വളരെ വൈറലായ ഒരു വീഡിയോ ആണത്. അത്തരത്തിൽ മമ്മൂക്ക അഭിനയിക്കുമ്പോൾ ഒറിജിനൽ ആണോ അഭിനയമാണോ എന്ന് തിരിച്ചറിയാനാകാത്ത വിധം നമ്മൾ കൺഫ്യൂഷനായി പോകും. അങ്ങനെ സംഭവിക്കാതിരിക്കാൻ മമ്മൂക്ക യോടൊപ്പം ഉള്ള തന്റെ രംഗങ്ങൾ കൃത്യമായി പഠിച്ച് നിരവധി തവണ സ്വയം റിഹേഴ്‌സല്‍ ചെയ്താണ് അവതരിപ്പിച്ചത്.
പ്രശംസ
അയാം കാതലൻ എന്ന ചിത്രം നിരവധി പേർ തന്നെ പ്രശംസിക്കുന്നതിന് കാരണമാക്കിയിട്ടുണ്ട്. ഐടി മേഖലയിലെ നിരവധി പേർ തന്നെ ചിത്രം കണ്ട ശേഷം വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. ചിത്രം കണ്ട ശേഷം ഒരു പ്രമുഖ കമ്പനിയിലെ സെക്യൂരിറ്റി മാനേജർ അവരുടെ സൈബർ സെക്യൂരിറ്റി പാസ്സ്‌വേർഡുകൾ സ്ട്രോങ്ങ് ആക്കിയതിനെ കുറിച്ച് തന്നോട് സംസാരിച്ചു. നമ്മുടെ ആശയങ്ങളും ചിന്തകളും കാഴ്ചക്കാരെ സ്വാധീനിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്.
പുതിയ ചിത്രങ്ങള്‍
തന്റെ തിരക്കഥയിൽ ചില സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിലാണ് താനിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നിർമ്മിച്ച ഈ ഡി എന്ന ചിത്രത്തിൽ മികച്ച ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുന്നു. ജിഷ്‌ണു വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പറന്ന് പറന്ന് പറന്ന് എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന താൻ അഭിനയിച്ച മറ്റൊരു ചിത്രം.
എല്ലാവരെയും പോലെ വളരെ കഷ്ടപ്പെട്ട് തന്നെയാണ് സിനിമയുടെ ഭാഗമായത്. പക്ഷേ സിനിമ വലിയൊരു സൗഹൃദ കൂട്ടായ്മയുടെ പിൻബലത്തോടെയാണ് എത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാലത്തെ കഷ്ടപ്പാടുകൾ ശരിക്കും ആസ്വദിക്കുകയായിരുന്നു. അവസരങ്ങൾ നിഷേധിക്കുമ്പോഴും, ലഭിച്ച അവസരങ്ങൾക്ക് വേണ്ടി കിലോമീറ്റർ ഓളം ബൈക്കിൽ യാത്ര ചെയ്തു പോകുമ്പോഴും സൗഹൃദത്തിന്‍റെ പിൻബലത്തിൽ ഞങ്ങൾ ആ ബുദ്ധിമുട്ടുകൾ ഒക്കെ ആസ്വദിച്ചു. കഴിഞ്ഞകാലത്തേക്ക് പലപ്പോഴും തിരിഞ്ഞുനോക്കുമ്പോൾ പ്രതിസന്ധികളെ നേരിട്ട വിധത്തെക്കുറിച്ച് അത്ഭുതമാണ് തോന്നുന്നത്.
കരിയറിൽ മെച്ചപ്പെട്ട ഒരു നേട്ടമുണ്ടാക്കി തന്ന ചിത്രം തണ്ണീർ മത്തൻ ദിനങ്ങൾ ആയിരുന്നു. ആ സമയത്ത് പോലും താൻ ജോലി ചെയ്യുകയായിരുന്നു. സിനിമയാണ് ഇനി ജീവിതമെന്ന് തിരിച്ചറിയുമ്പോഴും ഉണ്ടായിരുന്ന ജോലി കളയാൻ ഭയമായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ ഹിറ്റായെങ്കിലും സിനിമകൾ ലഭിക്കുമോ? ഇനി സിനിമകൾ ലഭിച്ചാലും ജീവിക്കാനാവശ്യമായ പ്രതിഫലം അതിൽ നിന്നും കിട്ടുമോ എന്നൊക്കെയുള്ള സംശയങ്ങൾ ആയിരുന്നു മനസ്സിൽ. ധൈര്യത്തോടെ ജോലി ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചു. എന്നാൽ തനിക്ക് ലഭിച്ച അടുത്ത അവസരത്തിനു വേണ്ടി കമ്പനി ലീവ് അനുവദിക്കുകയുണ്ടായി. അതിനെ തുടർന്ന് രാജിവെക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ പോയില്ല. രഞ്ജിത് ശങ്കർ സംവിധാനം ചെയ്‌ത കമല എന്ന ചിത്രമാണ് താൻ അതിനുശേഷം അഭിനയിക്കുന്നത്. ആ ചിത്രം അഭിനയിച്ച പൂർത്തിയാക്കിയതോടുകൂടി ഇനി മറ്റൊരു മേഖലയിൽ ജോലി ചെയ്യാൻ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സൈബർ സെക്യൂരിറ്റി ജോലി രാജിവെക്കുന്നത്. തുടർന്ന് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ കൂടി ലഭിച്ചതോടെ ലക്ഷ്യബോധം അരക്കിട്ടുറപ്പിച്ചു.
Also Read:തന്‍റെ സിനിമകളുടെ വിജയത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ട്; ഹിറ്റ് സംവിധായകന്‍ ഗിരീഷ് എഡി