ഇന്ത്യന്‍ സിനിമയുടെ സംഗീത മാധുര്യം എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാല് വര്‍ഷം. ആലാപനത്തിന്‍റെ വശ്യതയിലൂടെ തലമുറകളെ ത്രസിപ്പിച്ച ശബ്‌ദമാന്ത്രികന്‍റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് സംഗീത ലോകം. എസ്‌പിബിയുടെ നാലാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്‍റെ ഓർമ്മകൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ.
അടുത്ത സുഹൃത്തായിരുന്നിട്ടും എസ്‌പിബിയ്‌ക്ക് തന്‍റെ ഗാനങ്ങളില്‍ അവസരം നല്‍കാത്തതിന്‍റെ കുറ്റബോധം എന്നും ഉള്ളില്‍ ഉണ്ടായിരുന്നെന്ന് ഔസേപ്പച്ചന്‍. 'സംഗീത ലോകത്ത് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എസ്.പി ബാലസുബ്രഹ്‌മണ്യം. വളരെ കുറച്ചു ഗാനങ്ങളെ എന്‍റെ സംഗീത സംവിധാനത്തിൽ എസ്‌പിബിയെ കൊണ്ട് പാടിപ്പിക്കാൻ സാധിച്ചുള്ളൂ. അടുത്ത സുഹൃത്തായിട്ടും എസ്‌പിബിയെ ഒപ്പം സഹകരിക്കാൻ ക്ഷണിക്കാതിരുന്നതിന്‍റെ കുറ്റബോധം എക്കാലവും ഉള്ളിൽ ഉണ്ടായിരുന്നു.
എല്ലാ ദിവസവും നേരിട്ടും ഫോണിലൂടെയും വിളിച്ചും സംസാരിക്കുന്ന ബന്ധമായിരുന്നില്ലെങ്കിൽ കൂടിയും ചിലപ്പോഴൊക്കെ വിമാനത്താവളത്തിലോ, മറ്റു സ്ഥലങ്ങളിലോ വച്ച് നേരിൽ കണ്ടുമുട്ടുമ്പോൾ ഇന്നലെയും നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്നല്ലോ എന്ന ഭാവത്തിലാണ് അദ്ദേഹം പെരുമാറ്റം.'-ഔസേപ്പച്ചന്‍ പറഞ്ഞു.
യേശുദാസ് ഉള്ളപ്പോള്‍ പിന്നെ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ ആവശ്യം ഇല്ലല്ലോ എന്ന് എസ്‌പിബി പറഞ്ഞ സന്ദര്‍ഭവും ഔസേപ്പച്ചന്‍ ഓര്‍ത്തെടുത്തു. 'എന്‍റെ സംഗീത സംവിധാനത്തിൽ പുതിയ ചിത്രം റിലീസ് ചെയ്‌തു എന്നറിഞ്ഞാൽ പാടാൻ അദ്ദേഹത്തെ ക്ഷണിച്ചില്ലെന്ന് തമാശ രൂപത്തിൽ പറയും. ശേഷം ഒരു വാക്ക് കൂടി കൂട്ടിച്ചേർക്കും.
"നാൻ എതുക്ക് സാർ. മലയാളം സരിയാ കൂടി വരാത്. ഉങ്ക ഊരില് യേശുദാസ് ഇരിക്കുമ്പോത് എസ്‌പി ബാലസുബ്രഹ്‌മണ്യത്തോടെ തേവയേയില്ല.. കവലപ്പെടാതെ." നിങ്ങൾക്ക് ഗാനഗന്ധർവ്വൻ യേശുദാസ് ഉള്ളപ്പോൾ ഒരു മലയാള ഗാനം ആലപിക്കാൻ മലയാളം അറിയാത്ത എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ ആവശ്യമില്ല. അതുകൊണ്ട് എനിക്ക് അവസരം നൽകിയില്ല എന്നതിന്‍റെ പേരിൽ വിഷമിക്കേണ്ട കാര്യമേ ഇല്ല എന്നാണ് അതിന് അർത്ഥം.'-ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.
മുഖം അറിയാത്ത കലാകാരന്‍മാരോട് പോലും എസ്‌പിബി അടുത്ത സുഹൃത്തിനെ പോലെയാണ് പെരുമാറിയിരുന്നെന്നും ഔസേപ്പച്ചന്‍ വാചാലനായി. 'പറയുന്നത് ഉള്ളിൽ തട്ടിയാണെന്ന് കരുതേണ്ട. എല്ലാം തമാശയായി കാണുന്ന വ്യക്തിത്വമാണ് എസ്‌പിബി. നല്ലൊരു മനസ്സിന്‍റെ ഉടമയാണ്. ഞാൻ സംഗീത സംവിധായകനായി വളർന്ന് തുടങ്ങുന്ന കാലത്ത് എസ്‌പി ബാലസുബ്രഹ്‌മണ്യം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരനാണ്. പക്ഷേ അതിന്‍റെ അഹംഭാവം ഒരിക്കലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.
ഞങ്ങളെ പോലുള്ള ചെറിയ കലാകാരന്‍മാരോട് ആദരവോടെ മാത്രമെ അദ്ദേഹം ഇടപെട്ടിരുന്നുള്ളൂ. ഗാനത്തിന്‍റെ റിഥം വായിക്കാൻ എത്തുന്ന മുഖം അറിയാത്ത കലാകാരന്‍മാരോട് പോലും എസ്‌പിബി അടുത്ത സുഹൃത്തിനെ പോലെ പെരുമാറിയിരുന്നു. ഞാനീ ലോകത്തിൽ ഒന്നുമല്ല. പാട്ടു പാടാൻ അറിയാവുന്ന ഒരു സാധാരണക്കാരൻ. അത്തരത്തിലാണ് എസ്‌പിബി ഞങ്ങളോടൊക്കെ പെരുമാറിയിരുന്നത്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ പെരുമാറ്റം കാണുമ്പോൾ ഞാനൊക്കെ വലിയ സംഗീതജ്ഞനും അദ്ദേഹം ചെറിയൊരു കലാകാരനും ആണെന്ന് കരുതി പോകും. അത്രയും പാവത്താനായ ഒരു മനുഷ്യൻ.'-ഔസേപ്പച്ചന്‍ പറഞ്ഞു.
എസ്‌പിബിയ്‌ക്ക് താന്‍ പാടാന്‍ അവസരം നല്‍കിയില്ലെങ്കിലും, അദ്ദേഹത്തിന്‍റെ ജോലികളില്‍ തന്നെ ക്ഷണിക്കാറുണ്ടെന്നും ഔസേപ്പച്ചന്‍ പറയുന്നു. 'ഞാൻ പാടാൻ വിളിച്ചില്ലെങ്കിലും, എസ്‌പിബി സംഗീത സംവിധാനം ചെയ്യുമ്പോഴോ, അദ്ദേഹത്തിന്‍റെ അധിക ഇടപെടലുള്ള മറ്റേതെങ്കിലും ഗാനത്തിന്‍റെ ജോലികൾ പുരോഗമിക്കുമ്പോഴോ വയലിനിസ്‌റ്റായി എന്നെയാണ് ക്ഷണിക്കാറുള്ളത്. ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കാര്യങ്ങളിൽ ഒന്നായി ഞാൻ അതിനെ കാണുന്നു.
ഗാന രംഗത്തിൽ ഏത് നടൻ അഭിനയിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഗാനങ്ങളെ ഭാവ സമ്പുഷ്‌ടമാക്കാൻ കെൽപ്പുള്ള മറ്റൊരു ഗായകൻ വേറെയില്ല. ഒരു ഗാനത്തിൽ തന്‍റേതായ രീതിയിൽ എന്തൊക്കെ പരീക്ഷണങ്ങൾ ചെയ്യാമോ അതൊക്കെയും വികല സൃഷ്‌ടിയാകാതെ മികച്ചതാക്കാൻ എസ്‌പിബിക്കുള്ള വൈദഗ്ത്യം ഒന്ന് വേറെ തന്നെ.
നമ്മൾ ഇന്ന് കേട്ട് ആസ്വദിക്കുന്ന പല എസ്‌പിബി ഗാനങ്ങളും സംഗീത സംവിധായകനിൽ ഉപരി അദ്ദേഹത്തിന്‍റെ കൂടി ഗംഭീര കോൺട്രിബ്യൂഷൻ കൊണ്ട് സൃഷ്‌ടിച്ചിട്ടുള്ളതാണ്. ഇതുവരെയും ഒരു സംഗീത സംവിധായകനോടോ നടനോടോ നിർമ്മാതാവിനോടോ എസ്‌പിബി പ്രശ്‌നം ഉണ്ടാക്കിയതായി എനിക്ക് അറിവില്ല. മലയാളത്തിലെ ഒരു ചൊല്ലുണ്ട്. നിറകുടം തുളുമ്പില്ല. എസ്‌പിബിയെ സംബന്ധിച്ചിടത്തോളം അർത്ഥവത്തായ പ്രയോഗമാണിത്.'-ഔസേപ്പച്ചന്‍ വാചാലനായി.
എസ്‌പി ബാലസുബ്രഹ്‌മണ്യം തന്‍റെ സംഗീത സംവിധാനത്തിൽ പാടിയ ആദ്യ ഗാനം പുറത്തിറങ്ങാതിരുന്നതിന്‍റെ നിരാശയും ഔസേപ്പച്ചൻ പ്രകടിപ്പിച്ചു. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞ ചിത്രമായിരുന്നു 'വെൺമേഘ ഹംസങ്ങൾ'. മമ്മൂട്ടിയായിരുന്നു നായകൻ. സുമലതയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ട്.
ജീവിതത്തിൽ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചതിന്‍റെ ത്രില്ലിൽ ആയിരുന്നു ഞാൻ. ആദ്യഗാനം അണിയറയിൽ ഒരുങ്ങുന്നു. സിനിമയിലെ ആദ്യ ഗാനമാണ്. ഞാൻ തന്നെ സ്വന്തമായി ട്രാക്ക് പാടി. നിരവധി തവണ സ്വയം കേട്ടു. സംവിധായകന് ബോധ്യപ്പെട്ടു. ശേഷം ഗാനം ആലപിക്കാൻ സാക്ഷാൽ എസ്‌പി ബാലസുബ്രഹ്‌മണ്യം എത്തുന്നു. ശബ്‌ദം കൊണ്ട് മായാജാലം കാണിക്കാൻ സാധിക്കുമോ എന്ന് ഞാൻ അത്‌ഭുതപ്പെട്ടുപോയ നിമിഷങ്ങൾ. ഇത്രയും മനോഹരമായി ശ്രുതി ചേരുന്ന മറ്റൊരു ഗായകൻ ഇല്ല.
ഇന്നത്തെ കാലത്തെ ഗായകർ ടേബിൾ ടോപ്പിൽ ശ്രുതി ശരിയാക്കുന്ന രീതി ഉണ്ടല്ലോ, അങ്ങനെ ഒരു പ്രശ്‌നം എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് ഇല്ല. ശ്രുതിയും താളവും ഭാവവും ഒരുമിച്ച് ചേരുന്ന അത്യപൂർവ്വ നിമിഷങ്ങളിൽ ഒന്നാണ് ഞാൻ അന്ന് സ്‌റ്റുഡിയോയിൽ അനുഭവിച്ചത്. അദ്ദേഹം പാടുമ്പോൾ ഹാർമോണിയം അകമ്പടിയായി വായിച്ചത് ഞാൻ തന്നെയായിരുന്നു. നിർഭാഗ്യവശാൽ പ്രേക്ഷകർക്ക് ആ ഗാനം കേൾക്കാനായില്ല. ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്‍റെ നിർമ്മാണം മുടങ്ങി.
പിന്നീട് രാജസേനന്‍ സംവിധാനം ചെയ്‌ത 'ഡാർലിംഗ് ഡാർലിംഗ്' എന്ന ചിത്രത്തിലാണ് എന്‍റെ സംഗീത സംവിധാനത്തിൽ എസ്‌പി ബാലസുബ്രഹ്‌മണ്യം പാടുന്നത്. പിന്നീട് നിരവധി തവണ അദ്ദേഹത്തോടൊപ്പം ഞാൻ സഹകരിച്ചു.'-ഔസേപ്പച്ചൻ പറഞ്ഞു.