കാൻ: കാന്‍ ഫിലിം ഫെസ്‌റ്റിവലിലെ സിഐഐ ഭാരത് പവലിയനില്‍ ആഗോള ചലചിത്ര നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. ജമ്മു കാശ്‌മീരിന്‍റെ ദൃശ്യ മനോഹാരിത എടുത്തു പറഞ്ഞാണ് ജാവേദ് അഷ്‌റഫ് ആഗോള ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌തത്.
ഇന്ത്യയിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബിസിനസ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം ക്ഷണം നടത്തി. കാൻ ഫിലിം ഫെസ്‌റ്റിവലില്‍ നടന്ന സിഐഐ-ഭാരത് പവലിയന്‍റെ ഉദ്ഘാടന ചടങ്ങിൽ ആഗോള പ്രേക്ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അഷ്‌റഫ്.
'ഈ വർഷം ജമ്മു കശ്മീർ സമ്പന്നമായ ഷൂട്ടിങ് ലൊക്കേഷനുകളെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്. ഇന്ത്യയിലെ ഷൂട്ടിങ് ലൊക്കേഷനുകൾ ആഗോള ചലച്ചിത്ര പ്രവർത്തകർക്ക് ഷൂട്ടിങ്ങിന് പ്രയോജനപ്പെടുത്താനാകും. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ആഗോള ചലച്ചിത്ര പ്രവർത്തകർക്ക് പര്യവേക്ഷണം ചെയ്യാവുന്ന ധാരാളം ബിസിനസ് അവസരങ്ങളും ഇന്ത്യയില്‍ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ജാവേദ് അഷ്‌റഫിനൊപ്പം, ഇന്ത്യാ ഗവൺമെന്‍റിന്‍റെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവും ചേര്‍ന്നാണ് കാൻസ് ഫിലിം ഫെസ്‌റ്റിവല്‍ പാലസിന്‍റെ മധ്യഭാഗത്തുള്ള സിഐഐ-ഭാരത് പവലിയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്.