ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്‌സ് പരമ്പരയായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി, റിച്ച ചദ്ദ, ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവരാണ് ഹീരമാഹീരമാണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Heeramandi; The Diamond Bazar First Look out).
വന്‍ താരനിര തന്നെ പരമ്പരയുടെ ഭാഗമാകുന്നുണ്ട് എന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലെ പ്രണയവും, അവര്‍ നേരിടുന്ന വഞ്ചനയുടെയും കഥയാണ് ഹീരമാണ്ടി: ദി ഡയമണ്ട് ബസാറിന്‍റെ പ്രമേയം.
ഹീരമാണ്ടി ജില്ലയുടെ സാംസ്‌കാരിക യാഥാർത്ഥ്യത്തെ പരമ്പര വ്യക്തമായി എടുത്തു കാണിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേവദാസ്, ബാജിറാവു മസ്‌താനി, ഗംഗുഭായ് കത്തിയവാഡി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകൾ നിർമിച്ച സഞ്ജയ് ലീല ബൻസാലിയിൽ നിന്ന് ഗംഭീരമായ ഒരു കഥ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷോയുടെ ഔദ്യോഗിക സ്ട്രീമിംഗ് തീയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.