എറണാകുളം : സിബി മലയിൽ സംവിധാനം ചെയ്‌ത് 1998 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് സമ്മർ ഇൻ ബെത്‌ലഹേം. ജയറാമിന്‍റെയും സുരേഷ് ഗോപിയുടെയും കലാഭവൻ മണിയുടെയും മഞ്ജു വാര്യരുടെയും മികച്ച പ്രകടനം കൊണ്ട് മലയാളി നെഞ്ചോട് ചേർത്തൊരു ചിത്രമാണിത്. ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രത്തിന് പൂച്ചക്കുട്ടിയെ സമ്മാനമായി അയച്ചത് ആര് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
ഇമോഷണൽ രംഗങ്ങൾ കൊണ്ടും ഹാസ്യ രംഗങ്ങൾ കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും സമ്പുഷ്‌ടമായ ഒരു ചിത്രമാണ് സമ്മർ ഇൻ ബെത്‌ലഹേം. പൊലീസ് കഥാപാത്രങ്ങളിൽ നിന്നും മാറി നിന്നാൽ സുരേഷ് ഗോപിയുടെ ഇതിലും മനോഹരമായ ഒരു കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിൽ തന്നെ വേറെയില്ല. ചിത്രം മലയാളികൾക്ക് സമ്മാനിച്ചത് കോക്കേഴ്‌സ് ഫിലിംസ് ആയിരുന്നു.
സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രവും അതിന്‍റെ എല്ലാ ഘടകങ്ങളും 25 വർഷങ്ങൾക്ക് ശേഷവും മലയാളിയെ സ്വാധീനിച്ചപ്പോൾ സിനിമയുടെ എല്ലാ ആസ്വാദന ഘടകങ്ങളെയും ക്ലൈമാക്‌സ് രംഗത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം തകർത്തെറിഞ്ഞു. അതെ മോഹൻലാലിന്‍റെ കഥാപാത്രമായ നിരഞ്ജൻ. 98 നുശേഷം ജനിച്ച പല കുട്ടികൾക്കും നിരഞ്ജൻ എന്ന് നാമകരണം വരെ ചെയ്യപ്പെട്ടു.
ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴും നിരഞ്ജന്‍റെ ആഗമനത്തോടെ പ്രേക്ഷകർ അയാൾക്കൊപ്പം പോയി. സിനിമയിലെ അതിഥി വേഷത്തിലേക്ക് മോഹൻലാൽ കടന്നുവന്നത് എങ്ങനെയെന്ന് ഓർത്തെടുക്കുകയാണ് സിനിമയുടെ നിർമാതാവായ സിയാദ് കോക്കർ.
രഞ്ജിത്ത് തിരക്കഥയെഴുതി ജയറാമിനെയും പ്രഭുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കാൻ ഇരുന്ന ചിത്രമായിരുന്നു സമ്മർ ഇൻ ബെത്‌ലഹേം. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ആ ഉദ്യമം മുടങ്ങിപ്പോകുകയായിരുന്നു. സമ്മർ ഇൻ ബെത്‌ലഹേം എന്ന പേര് പിന്നീട് നാമകരണം ചെയ്യപ്പെട്ടതാണ്.
യാദൃശ്ചികമായാണ് താന്‍ ആ കഥ രഞ്ജിത്തിൽ നിന്നും കേൾക്കാനിടയായത് എന്ന് സിയാദ് കോക്കർ പറഞ്ഞു. മലയാളത്തിൽ ഈ ചിത്രം ഒരുക്കിയാൽ കൊള്ളാമെന്ന ഒരു മോഹം ഉള്ളില്‍ ഉദിച്ചു. തന്‍റെ അടുത്ത സുഹൃത്തായ സിബി മലയിൽ ഈ ചിത്രത്തിന്‍റെ സംവിധായകനായി കടന്നുവരാൻ അധികസമയം വേണ്ടിവന്നില്ല. രഞ്ജിത്തും സിബിയും ഒക്കെ തന്‍റെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്.
രജപുത്ര ഫിലിംസിന്‍റെ എം രഞ്ജിത്ത്, ചിത്രം ഒരുക്കുന്നതിന് തന്‍റെ സഹവർത്തിയായി കൂടെ നിന്നുവെന്നും സിയാദ് കോക്കർ പറഞ്ഞു. കോക്കേഴ്‌സ് ഫിലിംസിന്‍റെ മമ്മൂട്ടി ചിത്രം മറവത്തൂർ കനവിന്‍റെ അവസാനഘട്ട മിനുക്ക് പണികൾ അക്കാലത്ത് നടക്കുകയായിരുന്നു. മാത്രമല്ല ചിത്രത്തിന്‍റെ ഫസ്‌റ്റ് കോപ്പി ആയിട്ടുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്ന സമയത്ത് തന്നെയാണ് രഞ്ജിത്തിൽ നിന്നും സമ്മർ ഇൻ ബെത്‌ലഹേമിന്‍റെ കഥ കേൾക്കാൻ ഇടയാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. രഞ്ജിത്തിന് ഈ ചിത്രം തമിഴിൽ തന്നെ ഒരുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം മനസിലാക്കി തമിഴിലിൽ പ്രോജക്‌ട് നടന്നില്ലെങ്കിൽ മാത്രം മലയാളത്തിൽ ചിത്രം ഒരുക്കാൻ താത്‌പര്യമുണ്ടെന്ന് അറിയിക്കുന്നുവെന്ന് താൻ പറഞ്ഞു.
തമിഴിൽ ഒരുങ്ങേണ്ടിയിരുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആയിരുന്നു. അക്കാര്യത്തിൽ മാറ്റം ഒന്നും ഉണ്ടാകാതെ മലയാളം സമ്മർ ഇൻ ബെത്‌ലഹേം പിറവിയെടുക്കാൻ തയ്യാറെടുത്തു. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന അതിഥി കഥാപാത്രം ആര് ചെയ്യുമെന്ന് വലിയ ചർച്ചകൾ ഉണ്ടായി. കമൽഹാസന്‍റെ പേരടക്കം ചർച്ചയിലേക്ക് കടന്നുവന്നു. ഇന്ത്യയിലെ പല പ്രഗത്ഭരായ നടന്മാരെയും ആലോചിച്ചിരുന്നു എന്നതാണ് വാസ്‌തവം.
സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായി. നിരഞ്ജന്‍റെ കഥാപാത്രം വരുന്ന രംഗം മാത്രമാണ് ഇനി ചിത്രീകരണത്തിനായി ബാക്കിയുള്ളതും. നിരഞ്ജന്‍റെ കഥാപാത്രം ആര് ചെയ്യും എന്നുള്ള ആശയക്കുഴപ്പമാണ് സത്യത്തിൽ ആ ഒരു രംഗം മാത്രം ചിത്രീകരിക്കാതിരുന്നതിന്‍റെ കാരണവും. അപ്പോഴേക്കും സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകളും പുരോഗമിച്ചിരുന്നു.
ദിവസവും താനും രഞ്ജിത്തും സിബിയും ഈ കഥാപാത്രം ആരു ചെയ്യണമെന്നുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക പതിവായിരുന്നു. എന്തായാലും ആ കഥാപാത്രം ചെയ്യേണ്ടത് ഒരു മികച്ച അഭിനേതാവ് തന്നെയായിരിക്കണം. സിനിമയുടെ അതുവരെയുള്ള മീറ്റർ ക്ലൈമാക്‌സിൽ കടന്നുവരുന്ന നിരഞ്ജനോടെ താഴെ പോകാൻ ഇട വരരുത് എന്നത് തങ്ങൾക്ക് നിർബന്ധമായിരുന്നെന്ന് സിയാദ് കോക്കർ പറഞ്ഞു. പരാജയമായ ചർച്ചകൾക്കൊടുവിൽ തങ്ങളുടെ ഉറ്റ ചങ്ങാതിയായ മോഹൻലാലിലേക്ക് അഭിപ്രായങ്ങൾ കടന്നുവന്നു. പക്ഷേ മോഹൻലാൾ ഈ കഥാപാത്രം ചെയ്യുമോ എന്നുള്ളതായിരുന്നു പ്രധാന ആശയക്കുഴപ്പം.
കരിയറിന്‍റെ പീക്കിലാണ് മോഹൻലാൽ അപ്പോൾ ഉണ്ടായിരുന്നത്. പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം പോലെ മോഹൻലാലിനോട് ആര് ഇക്കാര്യം അവതരിപ്പിക്കും എന്നുള്ള ചർച്ചയായി പിന്നെ. മോഹൻലാൽ ആണെങ്കിൽ ആ സമയം ഒരു ആയുർവേദ ചികിത്സയൊക്കെ കഴിഞ്ഞ് തടിയൊക്കെ കുറച്ച് മുടി നീട്ടി വളർത്തി ഇതുവരെ കാണാത്ത ഒരു അപ്പിയറൻസിൽ ആയിരുന്നു.
ഈയൊരു രൂപം കഥാപാത്രത്തിന് അനുയോജ്യമാണ് എന്നായിരുന്നു രഞ്ജിത്തിന്‍റെ ചിന്താഗതി. സിബിയും രഞ്ജിത്തും കൂടി മോഹൻലാലിനെ കാണാൻ എത്തി. കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാതെ സിനിമയുടെ കഥ മുഴുവൻ മോഹൻലാലിനോട് പറഞ്ഞു. കഥ കേട്ടുകഴിഞ്ഞ് മോഹൻലാൽ ചോദിച്ചു ഈ നിരഞ്ജന്‍റെ കഥാപാത്രം ആരാണ് ചെയ്യുന്നത്. മറിച്ചൊന്നും ചിന്തിക്കാതെ സിബി പറഞ്ഞു താങ്കൾ ആണ് ഈ കഥാപാത്രം ചെയ്യുന്നത്. ആശങ്കകൾ ഭേദിച്ച് മോഹൻലാൽ ആ കഥാപാത്രം ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെ പിറവികൊണ്ടതാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ നിരഞ്ജൻ എന്ന മികച്ച കഥാപാത്രം.