ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' തിയേറ്ററുകളിലേക്ക്. ഒക്ടോബർ 31 ന് ആഗോള തലത്തിലാണ് പ്രദര്‍ശനത്തിന് എത്തുക. ഒക്ടോബർ 21 ന് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യും. സാധാരണക്കാരനായ ഒരു മനുഷ്യന്‍റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 400 ദിവസങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നതെന്നത് ലക്കി ഭാസ്‌കറില്‍ വലിയ പ്രതീക്ഷകൾ സൃഷ്‌ടിച്ചിട്ടുണ്ട്.
ഭാസ്‌കര്‍ എന്ന മിഡിൽ ക്ലാസ്സുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ, പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയെടുത്തത്. അതുകൊണ്ട് തന്നെ ലക്കി ഭാസ്‌കറിലൂടെ ഒരു പാൻ ഇന്ത്യൻ സൂപ്പർഹിറ്റ് ദുൽഖർ സൽമാൻ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭാഗ്യത്തിനും ആഗ്രഹ പൂർത്തീകരണത്തിനുമായുള്ള ഭാസ്‌കറിന്‍റെ ജീവിത യാത്രയുടെ സാരാംശമാണ് ഉൾക്കൊള്ളുന്നത്. ഒരു സാധാരണക്കാരനായ നായകന്‍റെ ദൈനംദിന സ്വപ്നങ്ങൾ, പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സിനിമാനുഭവമാണ് ലക്കി ഭാസ്‌കര്‍ എന്നിവയിലൂടെ പറയുന്നത്.
കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി.
ഹൈദരാബാദിൽ കലാസംവിധായകൻ ബംഗ്ലാൻ ഒരുക്കിയ കൂറ്റൻ സെറ്റുകളിലാണ്, 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്‌കര്‍ ചിത്രീകരിച്ചത്.
Also Read:കയ്യില്‍ വമ്പന്‍ ഫാനുമായി സണ്ണി ഡിയോള്‍; ജന്മദിനത്തില്‍ 'ജാട്ട്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്