മലയാളികളുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ലക്കി ഭാസ്‌കർ'. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ ഈണമിട്ട 'മിണ്ടാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
മനം നിറയ്‌ക്കുന്ന ഈ മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത് യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ്. വൈശാഖ് സുഗുണനാണ് ഗാനരചന. ഏതായാലും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ പാട്ടിന് ലഭിക്കുന്നത്.
മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി റിലീസിനൊരുങ്ങുന്ന 'ലക്കി ഭാസ്‌കർ വെങ്കി അട്‌ലൂരിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സെപ്റ്റംബർ 27ന് ഈ ചിത്രം തിയേറ്ററുകളിലെത്തും. ഒരു സാധാരണക്കാരന്‍റെ അവിശ്വസനീയമായ കഥ പറയുന്ന ചിത്രമാണ് ' ലക്കി ഭാസ്‌കർ' എന്നാണ് വിവരം.
സിതാര എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് നിർമാണം. മീനാക്ഷി ചൗധരിയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് 'ലക്കി ഭാസ്‌കർ'. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ശ്രീകാര സ്റ്റുഡിയോസാണ്.
നിമിഷ് രവിയാണ് 'ലക്കി ഭാസ്‌കർ' സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നവീൻ നൂലി എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.
ALSO READ: മൂന്നാം തവണയും 'അമ്മ'യുടെ പ്രസിഡന്‍റായി മോഹൻലാൽ: ജനറൽ സെക്രട്ടറി ആര്?; തെരഞ്ഞെടുപ്പ് ജൂൺ 30ന്