പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. ചിത്രം റിലീസിനെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ലക്കി ഭാസ്‌കര്‍' നാളെ റിലീസിനെത്തുമ്പോള്‍ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
താന്‍ കണ്ടിട്ടുള്ള യഥാർത്ഥ ജീവിതങ്ങളുമായി വളരെയധികം സാമ്യമുള്ളതാണ് 'ലക്കി ഭാസ്‌കറി'ലെ ഭാസ്‌കര്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഈ ചിന്തയാണ് തന്നെ ലക്കി ഭാസ്‌കര്‍ ചെയ്യാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ കുടുംബത്തിലും ഒരു ഭാസ്‌കർ ഉണ്ടാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
"ഭാസ്‌കർ മാത്രമാണ് കുടുംബത്തിലെ ഏക വരുമാന മാര്‍ഗം. അച്ഛൻ, ഭാര്യ, മകൻ, അനിയന്‍, അനുജത്തി എന്നിവരടങ്ങിയ കുടുംബം ഭാസ്‌കറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. മാസം അവസാനം കുടുംബത്തിന്‍റെ ചിലവും, ലോണും കാര്യങ്ങളുമൊക്കെ ഭാസ്‌കറിനെ കുഴപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യഥാർത്ഥ ജീവിതത്തിലെ വസ്‌തുതകൾ തിരക്കഥയിൽ കൃത്യമായി പ്രതിപാദിച്ചത് കൊണ്ടാണ് 'ലക്കി ഭാസ്‌കർ' എന്ന ചിത്രം ചെയ്യാൻ തീരുമാനിക്കുന്നത്.
ബാങ്ക് റോബറി, തട്ടിപ്പ് തുടങ്ങിയവയൊക്കെ ആശയത്തിന്‍റെ ഭാഗമാണെങ്കിലും സിനിമയിലെ കുടുംബമാണ് എന്നെ ഏറെ ആകർഷിച്ചത്. തന്‍റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ പുറപ്പെടുന്ന നായക കഥാപാത്രങ്ങൾ എക്കാലവും ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ള ഫോർമുലയാണ്. സിനിമയുടെ അവസാനം ശുഭം എന്ന് എഴുതിക്കാണിക്കുന്ന തരത്തിലുള്ള കഥകളിലാണ് ഇത്രയും കാലവും അഭിനയിച്ചു പോന്നത്. അതൊന്ന് മാറ്റി പിടിക്കണം എന്നും ചിന്തിച്ചു."-ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ഗ്രേ ഷെയ്‌ഡുള്ള തന്‍റെ കഥാപാത്രങ്ങളെ കുറിച്ചും ദുല്‍ഖര്‍ വിശദീകരിച്ചു. ഒരു അഭിനേതാവെന്ന രീതിയിൽ ഗ്രേ ഷെയ്‌ഡുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ അഭിനയത്തിൽ ആവർത്തനം സംഭവിക്കാതിരിക്കാന്‍ മന:പൂർവം ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് താരം പറഞ്ഞു.
"കഴിഞ്ഞ കുറച്ചു നാളുകളായി ചെയ്യുന്ന കഥാപാത്രങ്ങളിലൊക്കെ ഒരു ഗ്രേ ഷെയ്‌ഡ് ഉണ്ടെന്ന് പറഞ്ഞാൽ വാസ്‌തവമാണ്. പക്ഷേ ഓരോ കഥാപാത്രവും വ്യത്യസ്‌തമായിരിക്കും. ഓരോ കഥാപാത്രവും എത്തരത്തിലുള്ളതാണെന്ന് തിരക്കഥയിൽ തന്നെ എഴുതിവച്ചിട്ടുണ്ടാകും. അത് കൃത്യമായി ഫോളോ ചെയ്‌താൽ ഓരോ കഥാപാത്രവും വ്യത്യസ്‌തമാകും. മാത്രമല്ല ഞാൻ ചെയ്‌തിട്ടുള്ള നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രങ്ങൾ ഒരേ സ്വഭാവത്തിലുള്ളതാണെന്ന് കരുതുന്നില്ല."-ദുൽഖർ സൽമാൻ പറഞ്ഞു.
തുടര്‍ച്ചയായി പിരീഡ് സിനിമകള്‍ ലഭിച്ചതിനെ കുറിച്ചും ദുല്‍ഖര്‍ വിശദീകരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി പിരീഡ് സിനിമകളാണ് താന്‍ ചെയ്‌ത് വന്നിരുന്നതെന്നും ഇപ്പോൾ ചെയ്യുന്ന തെലുഗു ചിത്രം 'കാന്ത'യും പിരീഡ് സബ്‌ജക്‌ടാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
"1950കളുടെ കഥ പറയുന്ന ചിത്രമാണ് 'കാന്ത'. ഞാനും റാണ ദഗുപതിയും ചേർന്നാണ് കാന്ത നിർമ്മിക്കുന്നത്. പിരീഡ് സിനിമകൾ കൃത്യമായി ആസൂത്രണം ചെയ്‌ത് അഭിനയിക്കുന്നതല്ല. അങ്ങനെ സംഭവിച്ച് പോകുന്നതാണ്. 'കാന്ത' എന്ന സിനിമയുടെ തിരക്കഥ എന്നെ തേടിയെത്തിയപ്പോൾ ആദ്യം നിരസിച്ചിരുന്നു. ഇനിയൊരു പിരീഡ് സിനിമ ചെയ്യാൻ എന്നെക്കൊണ്ട് ആകില്ലെന്ന് മറുപടി പറഞ്ഞിരുന്നു.
എന്നാല്‍ 'കാന്ത'യുടെ കഥയുടെ മനോഹാരിത വല്ലാതെ ആകർഷിച്ചു. നല്ല സിനിമകൾ പിരീഡ് സബ്‌ജക്‌ട് ആയത് കൊണ്ട് നിരസിക്കുന്നത് ശരിയല്ലെന്ന് തോന്നി. ഇന്ത്യയിലെ മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രമാണത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി."-ദുല്‍ഖര്‍ വ്യക്തമാക്കി.
അന്യഭാഷ ഡബ്ബിംഗിനെ കുറിച്ചും മാസ് ഡയലോഗുകളെ കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചു. മലയാളം സിനിമയിൽ മാസ് ഡയലോഗുകൾ കുറവാണെന്നും ഉണ്ടെങ്കില്‍ തന്നെ ചില ലെജൻഡ് ആക്ടേഴ്‌സിന് മാത്രമെ അത് പറയാന്‍ അര്‍ഹതയുള്ളൂവെന്നും ദുല്‍ഖര്‍ പറയുന്നു.
"ഒരു അന്യഭാഷ പഠിച്ച് അതേ ഭാഷയിൽ ഡബ്ബ് ചെയ്യുന്നതിന് ഇതുവരെയും വലിയ ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയിട്ടില്ല. എന്നാൽ ചില ഡയലോഗുകൾ മികച്ച ഭാഷാ പരിജ്ഞാനത്തോടെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടിയിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും.
മലയാളത്തിൽ മാസ് ഡയലോഗുകൾ പറയുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇനിയും കുറച്ചു നാളുകൾ കൂടി എടുക്കും. അത് ഭാഷയുടെ പ്രശ്‌നം കൊണ്ടല്ല. മലയാളം സിനിമയിൽ പൊതുവേ മാസ് ഡയലോഗുകൾ കുറവാണ്. അഥവാ മാസ് ഡയലോഗുകൾ ഉണ്ടെങ്കിലും അത് പറയാൻ മലയാളി അനുവാദം കൊടുത്തിരിക്കുന്ന ചില ലെജൻഡ് ആക്ടേഴ്‌സ് ഉണ്ട്. അത്രയും ഡയലോഗുകൾ പറയാൻ അവർക്ക് മാത്രമാണ് അർഹത.
ഞാനൊക്കെ മാസ് ഡയലോഗുകൾ പറഞ്ഞാൽ മലയാളി തന്നെ പറയും എടാ നീ ഒന്നും അതിന് വളർന്നിട്ടില്ല. അതുകൊണ്ട് മാസ് ഡയലോഗുകൾ പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കുറച്ചു നാളത്തെ സമയം കൂടി വേണം."-ദുൽഖർ സല്‍മാന്‍ തമാശ രൂപത്തിൽ പറഞ്ഞു.
തന്‍റെ പുതിയ പ്രോജകക്‌ടുകളെ കുറിച്ചും ദുല്‍ഖര്‍ വിശദീകരിച്ചു. "മലയാളത്തിൽ ഉടൻ തന്നെ രണ്ട് പ്രോജക്‌ടുകൾ ആരംഭിക്കും. നാലോളം സബ്‌ജക്‌ടുകൾ ഇതിനോടകം കേട്ടുകഴിഞ്ഞു. പക്ഷേ മറ്റ് സബ്‌ജക്‌ടുകൾ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പോന്ന തരത്തിലുള്ള എഴുത്തുകുത്തുകൾ പൂർത്തിയായിട്ടില്ല. പക്ഷേ കേട്ട സബ്‌ജക്‌ടുകളൊക്കെ ചെയ്യണമെന്ന് ആഗ്രഹമുള്ളതാണ്." -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.