പ്രശസ്‌സ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ മോഹൻ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലില്‍ ഇരിക്കവെയായിരുന്നു അന്ത്യം. ദീർഘ നാളായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.
കലാമൂല്യമുള്ള നിരവധി സിനിമകൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു മോഹനൻ. എഴുപതുകളുടെ അവസാനവും എൺപതുകളിലും മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഹരിഹരൻ, പി വേണു തുടങ്ങിയവരുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.
സമാന്തര സിനിമകളുടെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും സിനിമയുടെ ന്യൂ വേവ് തരംഗത്തിന്, ചില സംവിധായകർ കാരണമാകാറുണ്ട്. എണ്‍പതുകളുടെ തുടക്കത്തിൽ മലയാള സിനിമയെ മാറ്റിമറിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് മോഹൻ. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിലെ പഠന ശേഷം, മദ്രാസിൽ ഉപരിപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ വഴി തുറന്നത്.
1978ൽ 'വാടകവീട്' എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്‌തത്. 2005ൽ പുറത്തിറങ്ങിയ 'ദി കാമ്പസ്' ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌തത്. 'ശാലിനി എന്‍റെ കൂട്ടുകാരി', 'വിടപറയും മുമ്പേ', 'ഇളക്കങ്ങൾ', 'ഇടവേള', 'ആലോലം', 'രചന', 'മംഗളം നേരുന്നു', 'തീർത്ഥം', 'ശ്രുതി', 'ഒരു കഥ ഒരു നുണക്കഥ', 'ഇസബെല്ല', 'പക്ഷേ', 'സാക്ഷ്യം', 'അങ്ങനെ ഒരു അവധിക്കാലത്ത്' തുടങ്ങി 23 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്‌തത്. 'അങ്ങനെ ഒരു അവധിക്കാലത്ത്', 'മുഖം', 'ശ്രുതി', 'ആലോലം', 'വിടപറയും മുമ്പേ' എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
'ചലച്ചിത്ര സപര്യയിൽ ഞാൻ സംതൃപ്‌തനാണ്. എൺപതുകളിലെ മലയാള സിനിമയെ നവീകരിക്കുന്നതിൽ ഭരതനും പത്മരാജനുമൊപ്പം ചെറുതല്ലാത്ത പങ്ക് വഹിക്കാനായി'. -എന്ന് മോഹനൻ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. 2005ന് ശേഷം സിനിമ ചെയ്യാത്തതിനെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു.
'സിനിമാ രംഗത്ത് നിന്നു മാറി നിന്നത് ബോധപൂർവം ആയിരുന്നില്ല. 23 ചിത്രങ്ങള്‍ ചെയ്‌തു. ഭേദപ്പെട്ട സംവിധായകൻ എന്ന ഖ്യാതി നേടി. സിനിമയ്ക്ക് വേണ്ടി ആരെയും അങ്ങോട്ട് പോയി സമീപിച്ചിട്ടില്ല. ഇടക്കാലത്ത് ചില ചർച്ചകൾ നടന്നു. എന്‍റെ സിനിമ എന്‍റേത് മാത്രമായിരിക്കും. ആർക്കും വേണ്ടി അതിൽ വെള്ളം ചേർക്കാൻ തയ്യാറല്ല. അതായിരിക്കാം പ്രോജക്‌ടുകളിൽ ചിലത് നടക്കാതെ പോയത്. ഏതായാലും പുതിയ കാലത്ത് പ്രസക്തമായ നല്ലൊരു കഥ മനസ്സിലുണ്ട്.' -മോഹനൻ പറഞ്ഞിരുന്നു.
വളരെ വെെകാതെ ഒരു സിനിമ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആഗ്രഹം ബാക്കിയാക്കയാണ് പ്രിയ സംവിധായകന്‍ വിട പറഞ്ഞത്. തന്‍റെ 'രണ്ട് പെൺകുട്ടികൾ' എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്‌തത്.