മലയാള സിനിമയില്‍ കോളിളക്കം സൃഷ്‌ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ നടി. പ്രത്യേക അന്വേഷണ സംഘം തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിക്കാരിയായ നടി. നടൻ മുകേഷ് എംഎൽഎ, ജയസൂര്യ ഉൾപ്പടെ എഴു പേർക്കെതിെരെ പരാതി നൽകിയ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്തിയത്.
'എല്ലാ ദിവസവും പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ തന്‍റെ വീട്ടിലെത്തുകയാണ്. ഇത് തൻ്റെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയോളം പ്രത്യേക അന്വേഷണ സംഘത്തോട് മുഴുവൻ സമയവും അന്വേഷണത്തിനായി സഹകരിച്ചിരുന്നു.
എന്നാൽ തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ അമിതമായി ഇടപെടുകയാണ്. എല്ലാ ദിവസവും അന്വേഷണ സംഘം വീട്ടിലെത്തുന്നത് തൻ്റെ സ്വകാര്യതയെ ബാധിക്കുകയാണ്.
ആദ്യം അന്വേഷണത്തെ ബാധിക്കുമെന്ന പേരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ
നിന്ന് വിലക്കി. ഇപ്പോൾ സമൂഹ മാധ്യമ അക്കൗണ്ടും ഉപയോഗിക്കാൻ കഴിയുന്നില്ല. അതിന് പിന്നിൽ തങ്ങളെല്ലന്നാണ് അവർ പറയുന്നത്. പൊലീസുകാർ കാരണം, തൻ്റെ മകൻ്റെ ജീവിതത്തെയും ബാധിച്ചു. ഷൂ പോലും അഴിക്കാതെ പൊലീസുകാർ വീട്ടിൽ കയറുകയാണെന്നും പരാതിക്കാരി ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘം തന്നെ രക്ഷിക്കാനാണെന്ന് തനിക്കിപ്പോൾ തോന്നുന്നില്ല. അന്വേഷണ സംഘം നമ്മളെ നശിപ്പിക്കാനാണെന്നാണ് ഇപ്പോൾ തോന്നുന്നത്. തൻ്റെ ഫോണിൽ പാസ് വേർഡുകൾ സൂക്ഷിച്ച ഫോൾഡർ, അന്വേഷണ സംഘം ഫോൺ പരിശോധിച്ച ശേഷം കാണാനില്ല.' -ഇത് ശരിയായ രീതിയല്ലെന്നാണ് പരാതിക്കാരിയായ നടി പറയുന്നത്. അതേസമയം അന്വേഷണത്തിൻ്റെ ഭാഗമായി ഇന്നും പരാതിക്കാരിയെ കോടതിയില്‍ എത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്.