10 വർഷം മുൻപ് താൻ എഴുതിയ 'ആടുജീവിതം' നോവലിന് ദൃശ്യഭാഷ്യം ഒരുങ്ങുമ്പോൾ ബെന്യാമിനും ഏറെ ആവേശത്തിലാണ്. 'ആടുജീവിതം' വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് ബെന്യാമിൻ പറയുന്നു. നോവലിലൂടെ വായിച്ചറിഞ്ഞ നജീബിനെ കണ്ടറിയാനുള്ള അവസരമാണിതെന്നും 'ആടുജീവിതം' പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ മുമ്പ് തന്നെ 'ആടുജീവിതം' എന്ന നോവലിനുള്ള ആശയം തനിക്ക് ലഭിച്ചിരുന്നുവെന്ന് വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ബെന്യാമിൻ പറയുന്നു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. 'ആടുജീവിതം' സിനിമയാകുന്നതിന് പിന്നിലുള്ള കഥ ഈ വീഡിയോയിൽ ബെന്യാമിൻ പങ്കുവയ്‌ക്കുന്നു.
ഏപ്രിൽ 10നാണ് ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആടുജീവിതം' തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ ജോർദാനിലെ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടത്. നോവൽ രചനയുടെ നാളുകളും യഥാർഥ നജീബിനെ കണ്ടുമുട്ടിയതുമെല്ലാം വീഡിയോയിൽ ബെന്യാമിൻ വിവരിക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഒരു പ്രവാസിയായിരുന്ന തനിക്ക് ഗൾഫ് പശ്ചാത്തലമായി ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സമയത്ത് തന്നെയാണ് യഥാർഥ ജീവിതത്തിലെ നജീബിനെ താൻ കണ്ടുമുട്ടുന്നതെന്നും ബെന്യാമിൻ പറഞ്ഞു. ഒരു മനുഷ്യനും ദൈവവും മാത്രമുള്ള, ഒറ്റപ്പെടലിന്‍റെ കഥയെ കുറിച്ച് താൻ ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്‍റെ ആദ്യ രൂപങ്ങളിൽ ഒന്നെന്നും ബെന്യാമിൻ വെളിപ്പെടുത്തി.
യഥാർഥ ജീവിതത്തിലെ നജീബിനൊപ്പം ദീർഘനാൾ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്‌തതിൽ നിന്നാണ് അയാൾ കടന്നുപോയ അനുഭവങ്ങൾ താൻ മനസിലാക്കിയതെന്നും ബെന്യാമിൻ പറഞ്ഞു. 'ഒന്നര വർഷത്തോളമെടുത്താണ് നജീബുമായി സൗഹൃദത്തിൽ ആയതും അദ്ദേഹത്തിന്‍റെ കഥ മനസിലാക്കുന്നതും. ആ ജീവിത കഥ അറിഞ്ഞപ്പോൾ ഇതാണ് ഞാൻ എഴുതേണ്ട നോവൽ എന്ന് തീരുമാനിക്കുകയായിരുന്നു'- ബെന്യാമിൻ പറഞ്ഞു.
നജീബിന്‍റെ കഥ അതുപോലെ പകർത്തിവയ്‌ക്കുന്നതല്ല നോവൽ എന്നും തന്‍റെ ദർശനങ്ങളും കാഴ്‌ചപ്പാടുകളും അതിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും ബെന്യാമിൻ വ്യക്തമാക്കി. നോവൽ സിനിമയാകുമ്പോൾ ഏറ്റവും മികച്ച കാഴ്‌ച പ്രേക്ഷകർക്ക് സമ്മാനിക്കാനാണ് അണിയറക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ ഉള്ളത് എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നോവൽ അതേപടി സിനിമയാക്കുകയല്ല ചെയ്‌തതെന്നും ബെന്യാമിൻ പറഞ്ഞു.
ബ്ലെസി വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം ഒരുക്കിയ ചിത്രമാണ് 'ആടുജീവിതം'. 2008ൽ തന്നെ അദ്ദേഹം ഈ സിനിമയുടെ പ്രാരംഭ വർക്കുകൾ ആരംഭിച്ചിരുന്നു. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ 2018ൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയായത്. ഏറ്റവുമധികം നാളുകൾ ഷൂട്ടിംഗ് നീണ്ടുപോയ സിനിമ കൂടിയാണിത്.
നജീബായി മാറുന്നതിന് നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതുവരെ പുറത്തുവന്ന താരത്തിന്‍റെ പോസ്റ്ററുകളും പ്രേക്ഷകരെ ഞെട്ടിച്ചു. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണിത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്.
വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് 'ആടുജീവിതം' എത്തുന്നത്. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും 'ആടുജീവിതം' എന്ന ഈ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. അമല പോളാണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്.
ALSO READ: മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; 'ആടുജീവിത'ത്തിൽ ഞെട്ടിക്കാൻ പൃഥ്വിരാജ്
ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രമുഖ അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും 'ആടുജീവിതം' പ്രേക്ഷകർക്ക് മുന്നിലെത്തും. സുനിൽ കെ എസ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പിആർഒ : ആതിര ദിൽജിത്ത്.