'ലെവൽ ക്രോസ്' മ്യൂസിക് റൈറ്റ്‌സ് തിങ്ക് മ്യൂസിക്കിന് ; ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം - തിങ്ക് മ്യൂസിക്ക്
ആസിഫ് അലിക്ക് പുറമെ ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് 'ലെവൽ ക്രോസ്' ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്
Published : Feb 10, 2024, 7:36 PM IST
തിയേറ്ററുകളിൽ വിജയം കൊയ്‌ത 'കൂമൻ' എന്ന സിനിമയ്‌ക്ക് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും കൈകോർക്കുന്ന ചിത്രമാണ് 'ലെവൽ ക്രോസ്'. 'കൂമനി'ൽ സംവിധായകനായിരുന്നു എങ്കിൽ 'ലെവൽ ക്രോസി'ൽ മറ്റൊരു റോളാണ് ജീത്തു ജോസഫ് വഹിക്കുന്നത്. ജീത്തുവാണ് 'ലെവൽ ക്രോസ്' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് തിങ്ക് മ്യൂസിക് സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവരുന്നത് ('Level Cross' movie's Music Rights for Think Music). വമ്പൻ തുകയ്‌ക്കാണ് തിങ്ക് മ്യൂസിക് 'ലെവൽ ക്രോസി'ന്‍റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ജീത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അഭിഷേക് ഫിലിംസിന്‍റെ ബാനറിൽ രമേഷ് പി പിള്ളയാണ് 'ലെവൽ ക്രോസി'ന്‍റെ നിർമാണം. രമേഷ് പി പിള്ള നിർമിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ, മോഹൻലാൽ നായകനായെത്തുന്ന റാം എന്ന സിനിമയുടെ നിർമ്മാണവും അഭിഷേക് ഫിലിംസാണ്. ജീത്തു ജോസഫാണ് റാം സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യയിലെ തന്നെ പ്രശസ്‌ത സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ ആണ് ലെവൽ ക്രോസിനായി സംഗീതം ഒരുക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ലെവൽ ക്രോസിന്.
ആസിഫ് അലിക്ക് പുറമെ ഷറഫുദ്ദീൻ, അമല പോൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറുമായാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നത് എന്നാണ് വിവരം. അതേസമയം ത്രില്ലർ ജോണറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ടുണീഷ്യയിൽ ഷൂട്ട് ചെയ്‌ത ആദ്യ ഇന്ത്യൻ ചിത്രം എന്നതും ലെവൽ ക്രോസിന്‍റെ സവിശേഷതയാണ്. അർഫാസാണ് ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചത്. താര നിരയിൽ മാത്രമല്ല ഈ ചിത്രത്തിന്‍റെ ടെക്‌നിക്കൽ ടീമിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. ജെല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ച ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്‍റെയും എഡിറ്റർ. അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിക്കുന്നു.
സംഭാഷണം - ആദം അയൂബ്ബ്, ഗാനരചന - വിനായക് ശശികുമാർ, സൗണ്ട് ഡിസൈനർ - ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം - ലിന്‍റ ജീത്തു, മേക്കപ്പ് - റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ - പ്രേം നവാസ്, പി ആർ ഒ - മഞ്ജു ഗോപിനാഥ്.