തമിഴ് ചലച്ചിത്രാസ്വാദകരുടെ പ്രിയതാരം അശോക് സെല്‍വന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എമക്ക് തൊഴില്‍ റൊമാന്‍സ്'. നവാഗതനായ ബാലാജി കേശവന്‍ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന 'എമക്ക് തൊഴില്‍ റൊമാന്‍സ്' സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അവന്തിക മിശ്രയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഉർവശിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഴകം പെരുമാള്‍, ഭഗവതി പെരുമാള്‍, എം എസ് ഭാസ്‌കര്‍, വിജയ് വരദരാജ്, ബദവ ഗോപി തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നത്.
സിനിമയുടെ പ്ലോട്ടിനെക്കുറിച്ചുള്ള സൂചന രസകരമായി നല്‍കുന്നതാണ് 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ. നിരവധി സ്‌ത്രീകളോട് പ്രണയം തോന്നുന്ന അശോക് സെല്‍വന്‍റെ നായക കഥാപാത്രത്തെ ടീസറില്‍ കാണാം. ഏതായാലും ഒരു കംപ്ളീറ്റ് എന്‍റർടെയിനറാകും ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
തെലുഗു ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അവന്തിക മിശ്ര തമിഴിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 'സൊല്ല പോഗിറൈ' എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്‍റെ തമിഴ് അരങ്ങേറ്റം. പിന്നീട് 'ഡി ബ്ലോക്ക്' എന്ന ചിത്രത്തിലും അവന്തിക വേഷമിട്ടു.
നിവാസ് കെ പ്രസന്നയാണ് 'എമക്ക് തൊഴില്‍ റൊമാന്‍സി'ന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗണേഷ് ചന്ദ്ര ഛായാഗ്രാഹകനായ സിനിമയുടെ എഡിറ്റർ ജെറോം അലന്‍ ആണ്. എം തിരുമലൈ ക്രിയേഷന്‍സ് ആണ് 'എമക്ക് തൊഴില്‍ റൊമാന്‍സി'ന്‍റെ നിർമാണം. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ നിലവിൽ പുരോഗമിക്കുകയാണ്.