അല്ലു അർജുൻ്റെ 'പുഷ്‌പ 2 ദി റൂൾ' റിലീസിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരണപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതിയാണ് മരിച്ചത്. സംഭവത്തില്‍ രേവതിയുടെ മകന്‍ ശ്രീതേജ ബോധരഹിതനാവുകയും ചെയ്‌തിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു.
ബുധനാഴ്‌ച്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ അല്ലു അർജുൻ്റെ ടീം പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി സന്ധ്യ തിയേറ്ററിൽ നടന്ന സംഭവം വളരെ ദൗർഭാഗ്യകരമാണെന്നാണ് താരത്തിന്‍റെ ടീമിന്‍റെ പ്രതികരണം. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും തങ്ങളുടെ സംഘം കുടുംബത്തെ കണ്ട് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അവർ അറിയിച്ചു.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. റിലീസിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ശ്രീതേജ് നിലവില്‍ കിംസിൽ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാർ അറിയിച്ചു. നിലവിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീതേജ്. 78 മണിക്കൂർ കഴിയാതെ കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് ഒന്നും പറയാനാകില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
We are extremely heartbroken by the tragic incident during last night’s screening. Our thoughts and prayers are with the family and the young child undergoing medical treatment.
— Mythri Movie Makers (@MythriOfficial) December 5, 2024
We are committed to standing by them and extending all possible support during this difficult time.…
എന്നാല്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി, മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി യൂട്യൂബ് ചാനലുകളും കുട്ടി മരിച്ചെന്ന് തെറ്റായ പ്രചരണം നടത്തിയിരുന്നു. ദയവായി ഇത്തരം വാർത്തകൾ പ്രക്ഷേപണം ചെയ്യരുത്. എല്ലാവരോടും ഒപ്പം നിൽക്കാൻ അവർ ആവശ്യപ്പെട്ടു.
'പുഷ്‌പ 2' പ്രീമിയര്‍ ഷോയ്‌ക്കായി കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ ഹൈദരാബാദ് ആര്‍ടിസി ക്രോസ്റോഡിലെ സന്ധ്യ തിയേറ്ററില്‍ രാത്രി 9:30 ഓടെ എത്തിയിരുന്നു. താരം എത്തിയതറിഞ്ഞ് നിരവധി ആരാധകരും തിയേറ്ററില്‍ തടിച്ചുകൂടിയിരുന്നു. ആരാധകരുടെ ആവേശവും അതിരുകടന്നിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്.
കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചുവരുന്നു. സംഭവസ്ഥലത്ത് വച്ച് പൊലീസും സമീപ വാസികളും നല്‍കിയ സിപിആര്‍ കുട്ടിയുടെ ജീവിന്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം.
"കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സ്‌ക്രീനിംഗിനിടെ ഉണ്ടായ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ ഹൃദയം അങ്ങേയറ്റം തകർന്നിരിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബത്തിനും ചികിത്സയിൽ കഴിയുന്ന പിഞ്ചു കുഞ്ഞിനും ഒപ്പമുണ്ട്.
ഈ ദുഷ്‌കരമായ സമയത്ത് അവർക്കൊപ്പം നിൽക്കാനും സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഗാധമായ ദുഃഖത്തോടെ, മൈത്രി മൂവി മേക്കേഴ്‌സ്."-മൈത്രി മൂവി മേക്കേഴ്‌സ് കുറിച്ചു.