ഹൈദരാബാദ് : സൈബറിടത്തിൽ തരംഗമായി തെലുഗു സൂപ്പർതാരം അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്‌പ 2 ദി റൂൾ' സിനിമയിലെ ആദ്യ ഗാനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'പുഷ്‌പ പുഷ്‌പ' എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒറ്റരാത്രികൊണ്ട് സോഷ്യൽ മീഡിയയിലാകെ തരംഗം തീർക്കാൻ ഈ പാട്ടിനായി. ഏതായാലും യൂട്യൂബിൽ റെക്കോർഡിട്ടിരിക്കുകയാണ് ഗാനം.
ബുധനാഴ്‌ച റിലീസ് ചെയ്‌ത 'പുഷ്‌പ പുഷ്‌പ' ലിറിക്കൽ വീഡിയോ ഇതിനകം യൂട്യൂബിൽ ആറ് ഭാഷകളിലായി ദശലക്ഷക്കണക്കിന് ലൈക്കുകൾ നേടിക്കഴിഞ്ഞു. തെലുഗു, ഹിന്ദി പതിപ്പുകൾ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയായി മാറി. ഈ നേട്ടം നിർമാതാക്കൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
"ലോകമെമ്പാടും യൂട്യൂബിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ 'പുഷ്‌പ പുഷ്‌പ' തെലുഗു, ഹിന്ദി ലിറിക്കൽ വീഡിയോകളാണ്'' എന്ന് കുറിച്ച പോസ്റ്റർ പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. സിനിമയുടെ വരവിനായി കാത്തിരിക്കുന്ന ആരാധകർ പാട്ടും ആഘോഷമാക്കുകയാണ് എന്നതിന്‍റെ തെളിവ് കൂടിയാണ് ഈ റെക്കോർഡ് നേട്ടം. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ആഗസ്റ്റ് 15ന് ആണ് 'പുഷ്‌പ' രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. അല്ലു അർജുൻ പുഷ്‌പ രാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് സുകുമാറാണ്. 2021ല്‍ ആയിരുന്നു ഈ സിനിമയുടെ ആദ്യ ഭാഗമായ 'പുഷ്‌പ ദി റൈസ്' പുറത്തിറങ്ങിയത്. ബോക്‌സോഫിസിൽ മിന്നും പ്രകടനമാണ് പുഷ്‌പ പാർട്ട് വൺ കാഴ്‌ചവച്ചത്.
മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്‌പയിൽ സുപ്രധാന വേഷത്തിലുണ്ട്. പ്രതിനായകനായാണ് താരം എത്തുന്നത്. ആദ്യ ഭാഗത്തിലെ ഫഹദിന്‍റെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. പുതിയ ചിത്രത്തിലെ താരത്തിന്‍റെ അഭിനയത്തിന് സാക്ഷ്യം വഹിക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ.
എല്ലാ അർഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിച്ച, പാൻ ഇന്ത്യൻ തലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ട 'പുഷ്‌പ പാർട്ട് 1'ലൂടെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. രശ്‌മിക മന്ദാന നായികയായ ഈ ചിത്രം കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്ന് കൂടിയായിരുന്നു.
ALSO READ: രജനികാന്ത് ചിത്രത്തിനെതിരെ ഇളയരാജ; അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചെന്നാരോപണം, നോട്ടീസയച്ചു