പുഷ്‌പ2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്‌ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം അനുശോചനം അറിയിച്ചത്.
കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
'സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്‍റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.'- അല്ലു അർജുൻ പറഞ്ഞു. സന്ധ്യ തിയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്.
തിയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തിയിരുന്നു. താരത്തെ കണ്ടതോടെ ആരാധകര്‍ തിയറ്ററിലേക്ക് ഇടിച്ചു കയറാന്‍ തുടങ്ങി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയില്‍ നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്.
ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്‍റെ സുരക്ഷ സംഘത്തിനെതിരെയും, തിയറ്റര്‍ മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം.
Deeply heartbroken by the tragic incident at Sandhya Theatre. My heartfelt condolences go out to the grieving family during this unimaginably difficult time. I want to assure them they are not alone in this pain and will meet the family personally. While respecting their need for… pic.twitter.com/g3CSQftucz
— Allu Arjun (@alluarjun) December 6, 2024
"കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സ്‌ക്രീനിംഗിനിടെ ഉണ്ടായ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ ഹൃദയം അങ്ങേയറ്റം തകർന്നിരിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബത്തിനും ചികിത്സയിൽ കഴിയുന്ന പിഞ്ചു കുഞ്ഞിനും ഒപ്പമുണ്ട്.
ഈ ദുഷ്‌കരമായ സമയത്ത് അവർക്കൊപ്പം നിൽക്കാനും സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഗാധമായ ദുഃഖത്തോടെ, മൈത്രി മൂവി മേക്കേഴ്‌സ്."-മൈത്രി മൂവി മേക്കേഴ്‌സ് കുറിച്ചു.