എറണാകുളം : ജിതിൻ ലാലിന്‍റെ സംവിധാനത്തിൽ ടൊവിനോ തോമസിന്‍റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. മൂന്ന് വ്യത്യസ്‌ത വേഷങ്ങളിലാണ് ടൊവിനോ എത്തുന്നത് എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഓണം റിലീസായി എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്‍റെ കന്നഡ വിതരണ അവകാശം ഹോബാലെ ഫിലിംസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചിത്രത്തിലെ താരങ്ങൾ മാധ്യമങ്ങൾക്കും മുന്നിൽ എത്തിച്ചേർന്നു. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടനും സംവിധായകനുമായ ബേസിൽ സംവിധായകൻ ജിതിൻ ലാലിനെ കുറിച്ച് വാചാലനായി.
സിനിമ എന്ന സ്വപ്‌നം കണ്ട് തുടങ്ങുന്ന കാലം മുതൽ തന്നോടൊപ്പം ഉള്ള വ്യക്തിയാണ് ജിതിൻ. താൻ ആദ്യമായി സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിൽ ജിതിൻ സഹ സംവിധായകനായിരുന്നു. തന്‍റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണം സംവിധാനം ചെയ്‌തപ്പോഴും സഹ സംവിധായകനായി ജിതിൻ ഒപ്പം ഉണ്ട്. അത്തരത്തിൽ തന്നോട് ഒപ്പം വളർന്ന കലാകാരനാണ് ജിതിൻ എന്ന് ബേസിൽ പറഞ്ഞു.
അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മാത്രമല്ല ടൊവിനോ എന്ന നടന് ഒപ്പം വീണ്ടും സഹകരിക്കാൻ സാധിച്ചതും ഭാഗ്യം തന്നെ. ടൊവിനോയുടെ വളർച്ചയുടെ ഓരോ ഘട്ടവും താൻ അടുത്തുനിന്ന് നോക്കി കണ്ടതാണ്. ടൊവിനോയുടെയും ജിതിന്‍റെയും കരിയറിലെ തന്നെ നിർണായകമായ സിനിമയ്‌ക്കൊപ്പം തന്നെ ഭാഗമാക്കിയതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും ബേസിൽ ജോസഫ് പറഞ്ഞു.
ബേസിലിന് ശേഷം രസകരമായാണ് ടൊവിനോ സംസാരിച്ച് തുടങ്ങിയത്. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ പ്രമോഷന് എത്തുമ്പോൾ ഞങ്ങളുടെ ടീമിന്‍റെ സ്റ്റൈലിസ്റ്റ് എന്നെ ചതിച്ചു. കാരണം എനിക്കും ബേസിലിനും ഒരേ തരത്തിലുള്ള ടീഷർട്ടും പാന്‍റും ഷൂസും വാച്ചും നൽകി യൂണിക് ആകാനുള്ള എന്‍റെ ശ്രമത്തെ മുളയിലെ നുള്ളി എന്ന് ടൊവിനോ പറഞ്ഞു.
സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാൻ എനിക്കില്ല. എല്ലാവരോടും നന്ദിയാണ് രേഖപ്പെടുത്താൻ ഉള്ളത്. കരിയറിൽ ഇക്കാലമത്രയും സപ്പോർട്ട് ചെയ്‌ത് ഒപ്പം ഉണ്ടായതിന്. അജയന്‍റെ രണ്ടാം മോഷണത്തിനും പ്രേക്ഷകരിൽ നിന്ന് അത്തരം ഒരു പിന്തുണയാണ് ആഗ്രഹിക്കുന്നത്.
Also Read : അജയന്‍റെ രണ്ടാം മോഷണം കന്നഡയില്‍ എത്തിക്കാന്‍ ഹോംബാലെ ഫിലിംസ്; സന്തോഷം അറിയിച്ച് ടൊവിനോ തോമസ്