തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ കേരളത്തിലെ രാഷ്ട്രീയ സിനിമാ രംഗങ്ങള്‍ കലങ്ങിമറിയുകയാണെങ്കിലും ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് താരം. ഇക്കാര്യം അവര്‍ ഇടിവി ഭാരതിനോട് തുറന്നു പറഞ്ഞു. ഇതു സംബന്ധിച്ച പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
'ഇപ്പോള്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ എന്നെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. ആര്‍ക്കെതിരെയും ഒന്നിനും ഞാനിനി ഇല്ല. മുന്‍പുണ്ടായ ഈ സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധയിലേയ്‌ക്ക് എത്തുന്നത്. ഇതു ഞാന്‍ പണ്ടേ ഉപേക്ഷിച്ചതാണ്. ചില മാധ്യമങ്ങളാണ് എന്‍റെ പേര് പുറത്തുകൊണ്ടു വന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ഇതു സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളില്‍ എനിക്ക് താല്‍പ്പര്യം ഇല്ല.
ഒരാവശ്യവും ഇല്ലാതെയായിരുന്നു അന്ന് ഞാന്‍ അവിടെ എത്തിയത്. മലയാളം സിനിമയോടുള്ള വല്ലാത്ത ഇഷ്‌ടം ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ അന്ന് അവിടെ എത്തിയത്. ഇതു സംബന്ധിച്ച എല്ലാ അധ്യായങ്ങളും ഞാന്‍ അടയ്ക്കുകയാണ്. പിന്നെയും എന്തിനാണ് എന്നെ ഇതില്‍ കരുവാക്കുന്നത്. ഞാന്‍ ഒരു ഇടതു സഹയാത്രികയാണ്. പക്ഷേ ഞാനിതു പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ലക്ഷ്യമിട്ടല്ല. ഇടതാകട്ടെ, വലതാകട്ടെ, രണ്ടിനും മധ്യത്തിലുള്ളതാകട്ടെ, സൂര്യനെ ആരാധിക്കാത്തവര്‍ പിതാവിനെയും ആരാധിക്കുന്നില്ല എന്നു പറയുന്നത് പോലെയാണിത്.
ഇത് കക്ഷി രാഷ്ട്രീയമല്ല, ഇത് ലിംഗ രാഷ്ട്രീയമാണ്. ഇതില്‍ ഞാനൊന്നും ചെയ്‌തിട്ടില്ല. മാധ്യമങ്ങളാണ് ഇത് വീണ്ടും പുറത്തേയ്‌ക്ക് കൊണ്ടു വന്നത്. 15 ദിവസം കഴിഞ്ഞ് വെറുതെ നടപടിയെടുത്തിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിയാനായതും, കൂടുതല്‍ പേരെ അവര്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് തുറന്നു പറച്ചിലിന് പ്രേരിപ്പിക്കാനായെങ്കില്‍, എന്‍റെ ലക്ഷ്യം പൂര്‍ത്തിയായി'-ശ്രീലേഖ മിത്ര പറഞ്ഞു.