പാൻ ഇന്ത്യൻ പ്രൊഡക്ഷൻ ഹൗസായ മൈത്രി മുവി മേക്കേഴ്‌സ് പുതിയ ചിത്രവുമായി എത്തുന്നു. ഇത്തവണ '8 വസന്തലു' എന്ന റൊമാന്‍റിക് സിനിമയുമായാണ് മൈത്രി മുവി മേക്കേഴ്‌സ് എത്തുന്നത് (Mythri Movie Makers 8 vasantalu). വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. ഫനീന്ദ്ര നർസെട്ടിയാണ് '8 വസന്തലു' സംവിധാനം ചെയ്യുന്നത് (Mythri Movie Makers with Phanindra Narsetti).
മൈത്രി മുവി മേക്കേഴ്‌സ് ഉയർന്ന ബജറ്റിൽ സ്റ്റാർ ഹീറോകളുടെ സിനിമകൾ നിർമ്മിക്കുന്നതിൽ മാത്രമായി ഉറച്ചുനിൽക്കുന്നില്ല എന്ന് തെളിയിക്കുന്നത് കൂടിയാണ് '8 വസന്തലു' സിനിമയുടെ പ്രഖ്യാപനം. കൗതുകമുണർത്തുന്ന, പുതിയ ആശയങ്ങളുള്ള സിനിമകളെയും മൈത്രി മുവി മേക്കേഴ്‌സ് ചേർത്തുപിടിക്കുകയാണ്. ഏതായാലും പ്രണയ ദിനത്തിൽ എത്തിയിരിക്കുന്ന റൊമാന്‍റിക് സിനിമയുടെ പ്രഖ്യാപനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
'8 വസന്തങ്ങൾ' എന്നർഥം വരുന്ന '8 വസന്തലു', റൊമാന്‍റിക്ക് ഡ്രാമ ജോണറിലാണ് ഫനീന്ദ്ര നർസെട്ടി അണിയിച്ചൊരുക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്. ടൈറ്റിലിലും ടൈറ്റിൽ പോസ്റ്ററിലുമെല്ലാം സിനിമയുടെ ഇതിവൃത്തം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.
![8 വസന്തലു ടൈറ്റിൽ പോസ്റ്റർ മൈത്രി മൂവി മേക്കേഴ്‌സ് സിനിമ Mythri Movie Makers new movie 8 vasantalu announcement Phanindra Narsetti 8 vasantalu](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2024/kl-ekm-1-vinayak-script_14022024113717_1402f_1707890837_1062.jpeg)
മഴയിൽ നനഞ്ഞ് നിൽക്കുന്ന റോസാപ്പൂവാണ് ടൈറ്റിൽ പോസ്റ്ററിൽ. ഒപ്പം '365 ദിവസങ്ങൾ അക്കങ്ങളായി ഒരു വർഷമാകുന്നു, എന്നാൽ നിമിഷങ്ങളായി, ഒരു വസന്തം ഉണ്ടാകുന്നു' എന്ന ടാഗ്‌ലൈനും പോസ്റ്ററിൽ കാണാം. ഒരു യുവതിയുടെ 8 വർഷത്തെ ജീവിതാഖ്യാനമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
അതേസമയം ഈ സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ചിത്രത്തിന്‍റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പ്രഖ്യാപിക്കുമെന്നാണ് വിവരം. നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്നാണ് 8 വസന്തലു നിർമിക്കുന്നത്.
ഏതായാലും ഫനീന്ദ്ര നർസെട്ടിയുടെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. മധുരം എന്ന ബ്ലോക്ക്ബസ്റ്റർ ഹ്രസ്വചിത്രത്തിലൂടെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ഫനീന്ദ്ര നർസെട്ടി. മനു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഫീച്ചർ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ മൈത്രി മുവി മേക്കേഴ്‌സുമായി ചേർന്ന് പുതിയ ചിത്രം ഒരുക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. പി ആർ ഒ - ശബരി.