തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടിയുടെ 'കാതല്‍', 'ഭ്രമയുഗം', പൃഥ്വിരാജിന്‍റെ 'ആട് ജീവിതം', 'ഉള്ളൊഴുക്ക്', 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ ഉണ്ടാവും.
കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. 'കാതലി'ലെ മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിയോ അതോ 'ആടുജീവിത'ത്തിലെ നജീബായി മാറിയ പൃഥ്വിരാജോ അതോ ഇനിയും റിലീസിനെത്താത്ത ചിത്രങ്ങളിലെ പ്രകടനത്തിന് മറ്റാരെങ്കിലോ, ആരാകും മികച്ച നടന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. ടൊവിനോ തോമസിന്‍റെ 'അദൃശ്യ ജാലകങ്ങളും' ജൂറിയുടെ അഭിപ്രായം നേടുന്നു.
'ഉള്ളൊഴുക്കി'ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയെയും, അഞ്ജുവായെത്തിയ പാർവതി തിരുവോത്തിനെയും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിലെണ്ടെന്നാണ് സൂചന. മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനത്തിൽ അനശ്വര രാജനും പരിഗണനയിലുണ്ട്. ബ്ലെസി, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയിലുണ്ട്.
160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുള്ളത്. ഇതിൽ 84 സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. തിയേറ്ററിൽ റിലീസാകാത്ത, എന്നാൽ രാജ്യാന്തര മേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും ജൂറിയുടെ മുന്നിലുണ്ട്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തുക.