ഹൈദരാബാദ്: അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ ക്വാട്ടയിലേക്കുള്ള കൂടുതൽ സ്‌റ്റുഡന്‍റ് വിസ (എഫ്-1) ഇന്‍റർവ്യൂ സ്ലോട്ടുകൾ പുറത്തിറക്കുമെന്ന് സർക്കാർ. നിരവധി ഇന്ത്യൻ വിദ്യാർഥികള്‍ക്ക് വേണ്ടി അഭിമുഖം നടത്താൻ കഴിയുന്ന തരത്തിൽ ഘട്ടം ഘട്ടമായി സ്ലോട്ടുകൾ പുറത്തിറക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ 'ഇടിവി ഭാരതി'നോട് പറഞ്ഞു.
ആഗസ്‌റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് അമേരിക്കയിൽ വിദ്യാഭ്യാസ സീസൺ ആരംഭിക്കുന്നത്. സാധാരണയായി സീസണിന്‍റെ അവസാന ആഴ്‌ചയിൽ, വിസ അപേക്ഷ അംഗീകരിക്കപ്പെടാത്തവർക്ക് ഒറ്റത്തവണയാണ് അഭിമുഖം നൽകുക. ഇത്തവണ ഓഗസ്‌റ്റ് അവസാനം വരെ വിസ സ്ലോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിരുക്കുന്നത്.
ആ സീസണിൽ അമേരിക്കയിലേക്ക് പോകാൻ സ്ലോട്ടുകൾ എടുത്തിട്ടുള്ള വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ വിസ ഇന്‍റര്‍വ്യൂ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സീസണിലെ ആദ്യ അഭിമുഖ തീയതികൾ (സ്ലോട്ടുകൾ) അമേരിക്ക ഈ മാസം രണ്ടാം വാരത്തോടെ പുറത്തുവിട്ടിരുന്നു.
സ്‌റ്റുഡന്‍റ് വിസ സീസണിൽ ഓഗസ്‌റ്റ് അവസാനം വരെ സ്ലോട്ടുകൾ ലഭ്യമാക്കാൻ തീരുമാനിച്ചതായി യുഎസ് എംബസി ചൊവ്വാഴ്‌ചയാണ് അറിയിച്ചത്. അവസാന നിമിഷം വരെ വരുന്നവർക്ക് ഉപകാരപ്പെടും വിധത്തിലാണ് ഓഗസ്‌റ്റ് വരെ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചത്.
ഡൽഹിയിലെ എംബസിയിലും ഹൈദരാബാദ്, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ കോൺസൽ ജനറൽ ഓഫീസുകളിലും അഭിമുഖം നടത്തുന്നതിന് സ്ലോട്ടുകൾ ലഭ്യമാണെന്ന് കോൺസുലേറ്റ് ജനറൽ ഓഫീസ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു.
വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടി:
നിലവിലെ സ്‌പ്രിങ് സീസണിന് പുറമേ 2025 ലെ സ്‌പ്രിങ് സീസണിൽ അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള ഹൈബ്രിഡ് സംവിധാനത്തിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് എഡ്യൂക്കേഷൻ യുഎസ്എ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് പരിപാടി.
ഓൺലൈനായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് bit.ly/EdUSASVS24 എന്ന ലിങ്ക് വഴി രജിസ്‌റ്റർ ചെയ്യാം. നേരിട്ട് ഹാജരാകാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ ഹൈദരാബാദ്, എസ്എൽ ജൂബിലി കോംപ്ലക്‌സ്, നാലാം നില, റോഡ് നമ്പർ 36, ജൂബിലി ഹിൽസിൽ വച്ച് രജിസ്‌ട്രേഷന്‍ നടക്കും. യുഎസ് വിസ കോൺസുലർ ഓഫീസർ വിസ അപേക്ഷാ പ്രക്രിയയെക്കുറിച്ച് പ്രോഗ്രാമില്‍ അവബോധം നൽകും.