തിരുവനന്തപുരം: വേദിയിൽ ഹൈസ്‌കൂൾ കേരളനടനം കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി നിലച്ചു, പാട്ടു നിന്നു.. പിന്നെ എന്തു ചെയ്യണം എന്നറിയാതെ മത്സരാർഥി...തൃശൂർ ചെന്ത്രാപ്പിന്നി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദയ്ക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. കേരള നടനം നടന്നുകൊണ്ടിരിക്കെ പെട്ടെന്നു ജനറേറ്റർ ഓഫായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വൈദ്യുതി നിലച്ച് പാട്ട് നിന്നപ്പോൾ ദേവനന്ദ എന്തു ചെയ്യണം എന്ന് അറിയാതെ തരിച്ചു നിന്നു. അധ്യാപകരും രക്ഷിതാക്കളും ഓടിയെത്തി ആശ്വസിപ്പിച്ചു. പിന്നീട് മറ്റൊരു മത്സരാർഥിക്ക് അവസരം നൽകി. അതുവരെ ദേവനന്ദ വിശ്രമിച്ചു.
അവസരം എത്തിയപ്പോൾ ആദ്യത്തേക്കാളും മികച്ച രീതിയിൽ അവൾ ടെൻഷൻ എല്ലാം മറന്നു കളിച്ചു. എന്നാലും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്ക മാറിയില്ല. വേദിയിൽ നിന്നും ഇറങ്ങിയപ്പോൾ ടെൻഷൻ മറന്ന് നന്നായി കളിക്കാൻ കഴിഞ്ഞുവെന്ന് ദേവനന്ദ ഇടിവി ഭാരതിനോട് പറഞ്ഞു.
പിന്നെ മത്സരത്തിന്‍റെ ഫലം വരാനുള്ള കാത്തിരിപ്പ്. 15 മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഫലം എത്തുന്നു. ദേവനന്ദയുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുഖത്ത് ആശങ്ക. ഒടുവിൽ എ ഗ്രേഡ് എന്ന് അറിഞ്ഞപ്പോൾ ആഹ്ലാദം. അങ്ങനെ പ്രതീക്ഷിക്കാതെ തടസം ഉണ്ടായെങ്കിലും ഒടുവിൽ സന്തോഷത്തോടെ മടക്കം.