തിരുവനന്തപുരം: പ്രവേശന പരീക്ഷ കമ്മിഷണര്‍ നടത്തുന്ന സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഡ്‌മിറ്റ് കാര്‍ഡുകള്‍ രണ്ടു ദിവസത്തിനകം പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ് സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഒരു ദിവസം പരാമവധി 18,500 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
130 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 197 പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 50 മുതല്‍ 126 വരെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയും. ഇത്രയും കമ്പ്യൂട്ടറുകള്‍ക്ക് പുറമേ അവശ്യ ഘട്ടങ്ങളിലുപയോഗിക്കാന്‍ അധിക കമ്പ്യൂട്ടറുകളും സജ്ജമാണ്.
ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാര്‍
പ്രവേശന പരീക്ഷയ്ക്ക് ജില്ലകളില്‍ മേല്‍നോട്ടം വഹിക്കാന്‍ ജില്ല നോഡല്‍ ഓഫീസര്‍മാരുണ്ടായിരിക്കും. 130 സ്ഥാപനങ്ങളിലും നിരീക്ഷകനും കോ ഓര്‍ഡിനേറ്ററും ഉണ്ടായിരിക്കും. ഓരോ പരീക്ഷ കേന്ദ്രത്തിന്‍റെയും നടത്തിപ്പ് ചുമതല ചീഫ് സൂപ്രണ്ടിനായിരിക്കും.
ഈ ചീഫ് സൂപ്രണ്ടിനായിരിക്കും പരീക്ഷ കേന്ദ്രത്തിലെ സെര്‍വറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല. മുംബൈ, ഡല്‍ഹി കേന്ദ്രങ്ങളില്‍ ജൂണ്‍ 5നും ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ 6നും പരീക്ഷ ആരംഭിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ.
പരീക്ഷ ദിവസം വിദ്യാര്‍ഥികള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍
രാവിലെ 7.30 മുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 9.30 നു ശേഷം പ്രവേശനം അനുവദിക്കില്ല. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്ട 6 ന് ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ നടക്കും. വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് 1 ന് റിപ്പോര്‍ട്ട് ചെയ്യണം. അഡ്‌മിറ്റ് കാര്‍ഡുകള്‍ ഇന്നോ നാളെയോ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യും.