തിരുവനന്തപുരം : സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾ ഈ അധ്യയന വർഷം മുതലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തുന്നത് ബിരുദ കോഴ്‌സുകൾക്കാണ്. നാലാം വർഷം പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് ഹോണേഴ്‌സ് ബിരുദം നേടാൻ കഴിയുന്ന രീതിയിലാണ് പരിഷ്‌കരണം.
മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ട് ബിരുദ പഠനം പൂർത്തിയാക്കാനാകും. ഓൺലൈൻ കോഴ്‌സുകളിൽ നിന്നുള്ള ക്രെഡിറ്റുകൾ ബിരുദത്തിൽ ഉപയോഗപ്പെടുത്താം. ഇന്‍റേൺഷിപ്പും ക്രെഡിറ്റ് മാർക്കിൽ ഉൾപ്പെടുത്താനാകും. ഏകീകൃത അക്കാദമിക് കലണ്ടർ ഈ അധ്യയന വർഷം നിലവിൽ വരും.
അഡ്‌മിഷൻ നോട്ടിഫിക്കേഷൻ മെയ് 20ന് മുൻപ് വരും. അപേക്ഷകൾ ജൂൺ 7 വരെ സമർപ്പിക്കാം. ഓഗസ്‌റ്റ് 24 ന് അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കും. സർവകലാശാലകൾ ഉൾപ്പെട്ട കമ്മിറ്റിയാണ് കലണ്ടർ തയ്യാറാക്കിയത്. വിദ്യാർഥികളുടെ സേവനാവകാശ പത്രിക ഉടൻ പ്രസിദ്ധീകരിക്കും. പ്ലസ് ടു കഴിഞ്ഞവർക്ക് മെയ് 14 ന് ഓറിയന്‍റേഷൻ ക്ലാസ് നടത്തും.
ജൂലൈ 17 ന് ഔദ്യോഗിക ലോഞ്ചിങ് സംസ്ഥാന വ്യാപകമായി നടത്തും. കോഴ്‌സ് അടിസ്ഥാനത്തിൽ ഫീസ് മാറ്റം ചർച്ച ചെയ്യാൻ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തും. ഹോണേഴ്‌സ് ബിരുദം നേടിയാൽ ഒരു വർഷം പി ജി കോഴ്‌സ് ചെയ്‌താൽ മതി. ബിരുദം പൂർത്തിയാക്കിയാൽ ഗവേഷണത്തിലേക്കും തിരിയാം.
ഒന്നും രണ്ടും വർഷങ്ങളിൽ എക്‌സിറ്റ് ഉണ്ടാവില്ല. ക്രെഡിറ്റ് നേടി കോഴ്‌സ് പൂർത്തിയാക്കിയാൽ ഡിജി ലോക്കറിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്ന സൗകര്യമൊരുക്കും. ഒരു വർഷം സമയമെടുത്താണ് കോഴ്‌സ് തയ്യാറാക്കിയതെന്നും മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.