തിരുവനന്തപുരം: മധ്യകാല യൂറോപ്യൻ പശ്ചാത്തലത്തിൽ തനത് കേരളീയ നാടൻ ശൈലിയിൽ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളുമായെത്തുന്ന ചവിട്ടുനാടകം സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ സ്റ്റൈലൻ സാന്നിധ്യമാണ്. എന്നാൽ ഏറെ ആരാധകരുള്ള ഈ ജനപ്രിയ ഐറ്റം തട്ടിൽ കയറണമെങ്കിൽ ചെലവ് ചില്ലറയല്ല. മറ്റു കലാരൂപങ്ങളെക്കാളും ചെലവേറിയ ഈ ഇനം സംസ്ഥാന തലത്തിൽ എത്തുമ്പോഴേക്കും ഒരു ടീമിന് ഒരു ലക്ഷം രൂപയോളം ചെലവാകുമെന്നാണ് കലോത്സവ വേദികളിൽ ചവിട്ടുനാടകം കലാകാരന്മാരെ അണിയിച്ചൊരുക്കുന്ന അഭിരാജ് പറയുന്നത്.
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ടീമിനെ അണിയിച്ചൊരുക്കുന്നത് എറണാകുളം നോർത്ത് പറവൂർ സ്വദേശി അഭിരാജാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരമ്പരാഗതമായി ചവിട്ടുനാടക കലാകാരന്മാരുടെ കുടുംബത്തിൽ നിന്നെത്തുന്ന അഭിരാജ്, അച്ഛൻ രാജുവിൻ്റെ പാത പിന്തുടർന്ന് ഇന്നും ചവിട്ടുനാടക വേദിക്ക് പിന്നിലെ നിറസാന്നിധ്യമാണ്. 'ഓരോ കഥാ സന്ദർഭവും ആവശ്യപ്പെടുന്ന വേഷവിധാനങ്ങളനുസരിച്ച് ചെലവിൽ വ്യത്യാസമുണ്ടാകും. ഒരു രാജാവും ഒരു മന്ത്രിയും എപ്പോഴും ഒരു ചവിട്ടുനാടകത്തിലുണ്ടാവും. ഒരു പടയാളിയെ അണിയിച്ചൊരുക്കാൻ 15 മിനിറ്റോളമെടുക്കും.
മുഖത്തെഴുത്തും കൂടിയാകുമ്പോൾ കലാകാരൻ്റെ ചമയത്തിന് അരമണിക്കൂറിന് മുകളിൽ സമയമെടുക്കും. കൂടുതലും പെൺകുട്ടികളാണ് ഇപ്പോൾ ചവിട്ടുനാടകത്തിലേക്ക് വരുന്നത്. സ്വാഭാവികമായും താടിയെല്ലാം വച്ചുപിടിപ്പിക്കേണ്ടി വരും. രാജാവിനെയും മന്ത്രിയെയും അണിയിച്ചൊരുക്കാൻ ഇതിൽ കൂടുതൽ സമയമെടുത്തേക്കും. മുക്കാൽ മണിക്കൂറെങ്കിലും വേണ്ടി വരും. ഭടന്മാർക്ക് മീശയും താടിയും വരച്ചാൽ മതി, പക്ഷേ രാജാവിനും മന്ത്രിക്കും മീശവച്ചു കൊടുക്കേണ്ടി വരുമെന്നും അഭിരാജ് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എഡി 16-ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മത പ്രചാരണത്തിൻ്റെ ഭാഗമായി പോർച്ചുഗീസുകാർ കൊണ്ടുവന്ന കലാരൂപമാണ് ചവിട്ടുനാടകം. കേരളത്തിൽ ഭരതനാട്യം, കഥകളി എന്നീ കലാരൂപങ്ങൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതായും അഭിരാജ് പറഞ്ഞു. അന്ന് പ്രചാരത്തിലുണ്ടായ കലാരൂപങ്ങൾ കൂടി സമന്വയിപ്പിച്ചാണ് ചവിട്ടുനാടകത്തിന് രൂപം നൽകിയത്. അന്ന് തയ്യാറാക്കിയ പ്രമേയങ്ങൾ തന്നെയാണ് ഇപ്പോഴും ചവിട്ടുനാടകത്തിൻ്റെ കഥ.
പക്ഷെ സ്വാമി അയ്യപ്പൻ്റെയും ഭദ്രകാളിയുടെയും കഥകൾ കൂടി ഉൾപ്പെടുത്തി ആശാന്മാർ പുതിയ കഥകളും ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. കാലത്തിനനുസരിച്ച് ചവിട്ടുനാടകവും മാറിക്കൊണ്ടിരിക്കുന്നു. രാജാവിൻ്റെ വേഷത്തിൽ എത്തുന്നയാൾ ചവിട്ടുനാടകം പാടി കളിക്കുന്നതായിരുന്നു ആദ്യത്തെ രീതി. പിന്നീട് സിഡി വന്നു, ഇപ്പോൾ പെൻഡ്രൈവാണ് ഉപയോഗിക്കുന്നത്. പക്ഷേ ചുവടുകളിൽ വ്യത്യാസമില്ല. ചവിട്ടുനാടകത്തിൻ്റെ ഉത്‌പത്തിയുടെ കാലത്തെ അതേ പൊലിമയിലാണ് ഇപ്പോഴും നൃത്തച്ചുവടുകളെന്നും അഭിരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.