ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ആരംഭിച്ചു. രാജ്യത്തും വിദേശത്തുമായി 7,800-ല്‍ അധികം കേന്ദ്രങ്ങളിലായി 42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
84 വിഷയങ്ങളിലായി 24.12 ലക്ഷം പത്താം ക്ലാസ് വിദ്യാർത്ഥികളും 120 വിഷയങ്ങളിലായി 17.88 ലക്ഷത്തിലധികം വിദ്യാർത്ഥികളും 12-ാം ക്ലാസ് പരീക്ഷ എഴുതും. ഇന്ത്യയിലെ 7,842 കേന്ദ്രങ്ങളിലും വിദേശത്ത് 26 കേന്ദ്രങ്ങളിലുമാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.
സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ആദ്യ ദിവസം, പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ് (ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) പേപ്പറുകളുമാണ് എഴുതിയത്. 12-ാം ക്ലാസ് വിദ്യാർത്ഥികൾ ഓണ്ടര്‍പ്രേണര്‍ഷിപ്പ് പരീക്ഷയും എഴുതി. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 ന് ആണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ഏപ്രിൽ 4 ന് അവസാനിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി സിബിഎസ്ഇ വാർഷിക കൗൺസിലിങ് സേവനവും ആരംഭിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദം ലഘൂകരിക്കുന്നതിനും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുമായാണ് കൗണ്‍സിലിങ് പ്രോഗ്രാം.
സിബിഎസ്ഇ - അഫിലിയേറ്റഡ് സ്‌കൂളുകളിൽ നിന്നുള്ള പരിശീലനം ലഭിച്ച പ്രൊഫഷണല്‍ പ്രിൻസിപ്പൽമാർ, കൗൺസിലർമാർ, സ്പെഷ്യൽ അധ്യാപകർ, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സംഘമാണ് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് സേവനങ്ങൾ ലഭ്യമാവുക. വിദ്യാർത്ഥികളുടെ സഹായത്തിന് നേപ്പാൾ, ജപ്പാൻ, ഖത്തർ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് 15 കൗൺസിലർമാരും ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.