ന്യൂഡല്‍ഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്-അണ്ടർ ഗ്രാജുവേറ്റ് 2024 അഡ്‌മിറ്റ് കാർഡ് ഉടന്‍ തന്നെ പുറത്തിറക്കും. നീറ്റ് യുജി പരീക്ഷയുടെ സിറ്റി സ്ലിപ്പ് എൻടിഎ പുറത്തുവിട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
അഡ്‌മിറ്റ് കാർഡുകൾ പുറത്തിറക്കുന്ന തീയതി എൻടിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ പുറത്തിറക്കാനാണ് സാധ്യത. മെയ് 5-ന് രാജ്യത്തെ 571 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലും ഓഫ്‌ലൈൻ മോഡിൽ പരീക്ഷ നടക്കും. ഒറ്റ ഷിഫ്റ്റിലായിരിക്കും എന്‍ടിഎ പരീക്ഷ നടത്തുക. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരീക്ഷ 5.20-ന് അവസാനിക്കും.
എൻടിഎയുടെ കണക്കനുസരിച്ച് 10 ലക്ഷം പുരുഷന്മാരും 13 ലക്ഷം സ്‌ത്രീകളും നീറ്റ്-യുജി പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. ബംഗാളി, ഒഡിയ, മറാത്തി, ഗുജറാത്തി, തെലുങ്ക്, തമിഴ് തുടങ്ങി 13 ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്.
ഹാൾ ടിക്കറ്റുകൾ പുറത്തിറക്കിയാല്‍ രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് neet.ntaonline.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അവരുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. നീറ്റ് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകള്‍ ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി (DOB), സെക്യൂരിറ്റി പിൻ എന്നിവയാണ്.
അഡ്‌മിറ്റ് കാർഡിൽ അപേക്ഷകന്‍റെ പേര്, റോൾ നമ്പർ, ജനന തീയതി, രജിസ്ട്രേഷൻ നമ്പർ, പരീക്ഷാ നഗരം, കേന്ദ്രം എന്നിവയും അതത് കോഡുകളുള്ള വിഷയങ്ങളും ഉണ്ടായിരിക്കും.
Also Read : യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 16ന് - Net Exam Notifications