ന്യൂഡല്‍ഹി : വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ പച്ച നിറത്തിലുള്ള ഡ്രസ്കോഡ് പിന്‍വലിച്ച് ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ (Zomato Green Uniform For Veg Fleet controversy). പ്യുവര്‍ വെജ് സംരംഭവുമായി ബന്ധപ്പെട്ട് വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് സൊമാറ്റോ പച്ച നിറത്തിലുള്ള യൂണിഫോം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. ഇതോടെ പച്ച യൂണിഫോം കൊണ്ടുവരാനുള്ള നീക്കം സൊമാറ്റോ പിന്‍വലിക്കുകയായിരുന്നു.
ജീവനക്കാര്‍ ചുവന്ന യൂണിഫോം തന്നെ ധരിക്കുമെന്നും കമ്പനി വ്യക്തമാക്കി. മാംസാഹാരങ്ങള്‍ നല്‍കാത്ത റെസ്റ്റൊറന്‍റുകളില്‍ നിന്നുള്ള ഓര്‍ഡര്‍ നല്‍കാനാണ് പ്യുവര്‍ വെജ് സംരംഭം സൊമാറ്റോ ആരംഭിച്ചത്. ഒരേ ബോക്‌സില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒന്നിച്ച് വയ്‌ക്കുന്ന സാഹചര്യത്തില്‍ ഗന്ധം കൂടിക്കലരുന്നു എന്ന് ഉപഭോക്താക്കളില്‍ പലരും പരാതി പറഞ്ഞിട്ടുണ്ടെന്ന് കമ്പനി പറഞ്ഞിരുന്നു.
ഇത്തരമൊരു പരാതിയെ തുടര്‍ന്നാണ് പ്യുവര്‍ വെജ് സംരംഭം ആരംഭിച്ചതും ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് പച്ച നിറത്തിലുള്ള യൂണിഫോമും ബൈക്കുകളില്‍ ഘടിപ്പിക്കുന്ന പച്ച ബോക്‌സുകളും കൊണ്ടുവരാന്‍ ഒരുങ്ങിയതും. പച്ച നിറത്തിലെ യൂണിഫോമും ബോക്‌സുകളും ഉള്‍പ്പെടുത്തി പ്രൊമോഷന്‍ പരിപാടിയും കമ്പനി നടത്തുകയുണ്ടായി. പ്യുവര്‍ വെജ് സംരംഭത്തിലെ ജീവനക്കാരെ മാംസാഹാരം ലഭിക്കുന്ന സ്ഥാപനങ്ങളിലെ ഓര്‍ഡറുകള്‍ എത്തിക്കാന്‍ നിയോഗിക്കില്ല എന്നും സൊമാറ്റോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
ചിലര്‍ സൊമാറ്റോയുടെ പുതിയ സംരംഭത്തെ സ്വാഗതം ചെയ്‌തപ്പോള്‍ ആക്‌ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. സൊമാറ്റോയുടെ നടപടി വിവേചനത്തിന് കാരണമാകും എന്നായിരുന്നു പ്രധാന വിമര്‍ശനം. നോണ്‍ വെജ് ഭക്ഷണം കൊണ്ടുവരുന്ന ഡെലിവറി ബോയ്‌സിന് ചുവപ്പ് യൂണിഫോമും വെജിറ്റേറിയന്‍ ഓര്‍ഡര്‍ എത്തിക്കുന്ന ജീവനക്കാരന് പച്ച യൂണിഫോമും നല്‍കുമ്പോള്‍ മാംസാഹാരം കഴിക്കാത്ത ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്‍റുകളില്‍ ചുവപ്പ് യൂണിഫോമിലെത്തുന്ന ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത ഒരു ഉപഭോക്താവ് പ്രത്യേക മതത്തില്‍ പെട്ട ഡെലിവറി ബോയിയെ ആവശ്യപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തെ അധികരിച്ചും പുതിയ നീക്കം വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ചിലര്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ പച്ച യൂണിഫോം കൊണ്ടുവരാനുള്ള നീക്കം സൊമാറ്റോ പിന്‍വലിക്കുകയായിരുന്നു.