ഹൈദരാബാദ്: ഡെലിവറി ഏജന്‍റിന്‍റെ യൂണിഫോം അണിഞ്ഞ് ഡെലിവെറിക്ക് ഇറങ്ങിയ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയല്‍ സമൂഹമാധ്യമങ്ങളിലെങ്ങും വലിയ ചര്‍ച്ചയാണ്. കഴിഞ്ഞ ദിവസമാണ് ഭാര്യ ഗ്രെസിയ മുനോസിനൊപ്പം സൊമാറ്റോ ഡെലിവെറിക്ക് ഇറങ്ങിയ വീഡിയോ ദീപീന്ദർ ഗോയല്‍ പങ്കുവച്ചത്.
ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിക്കള്‍ ഗ്രൗണ്ട് ലെവലില്‍ മനസിലാക്കാനും അവര്‍ക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനുമാണ് നേരിട്ട് ഇറങ്ങിയതെന്ന് ദീപീന്ദര്‍ പറയുന്നു. പൂനെയില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റ് (സിഎ) ആയിരുന്ന അന്ന സെബാസ്റ്റ്യൻ (26) ജോലിഭാരം കാരണം മരിച്ചതിന് പിന്നാലെ കോര്‍പ്പറേറ്റ് ലോകത്തെ സമ്മര്‍ദ്ദം വലിയ ചര്‍ച്ചയായിരുന്നു.
ഈ സാഹചര്യത്തിലാണ് ദീപീന്ദർ ഗോയല്‍ തങ്ങളുടെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നേരിട്ട് ഇറങ്ങിയത്. 'എന്‍റെ രണ്ടാമത്തെ ഓർഡർ സമയത്ത്, എല്ലാ ഡെലിവറി പാർട്‌ണർമാർക്കും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ മാളുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാൻ മനസിലാക്കി. കൂടാതെ മാളുകളും ഡെലിവറി പങ്കാളികളോട് കൂടുതൽ മാനുഷികമായി പെരുമാറേണ്ടതുണ്ട്. നിങ്ങൾക്ക് എന്ത് തോന്നുന്നു?- അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീപീന്ദര്‍ ഗോയലിന്‍റെ നേതൃപാടവത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് രംഗത്ത് വരുന്നത്. 'ജോലി എങ്ങനെ ശരിയായി ചെയ്യണമെന്ന് ബോസിൽ നിന്ന് തന്നെ പഠിക്കൂ' എന്നാണ് ക്യൂറേറ്റഡ് ഫാഷൻ കമ്പനിയായ 'അല മോഡ് ബൈ അകാൻക്ഷ' ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.
ദീപീന്ദറിന്‍റെ സമീപനം പ്രചോദനകരമാണെന്ന് പലരും പ്രശംസിക്കുമ്പോഴും വിമർശനങ്ങളും പല കോണില്‍ നിന്നും ഉയരുന്നുണ്ട്. യാഥാർത്ഥ്യത്തിൽ നിന്നും വളരെ വിദൂരതയിലുള്ള, ദീപിന്ദര്‍ ഗോയല്‍ ഡെലിവറികള്‍ക്ക് ഉപയോഗിച്ച, ആഡംബര ബൈക്ക് ചൂണ്ടിക്കാട്ടിയാണ് പലരും അദ്ദേഹത്തെ വിമര്‍ശിച്ചത്.
അതേസമയം സൊമാറ്റോയില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് ദീപീന്ദർ ഗോയല്‍ ഡെലിവറിയ്‌ക്ക് ഇറങ്ങിയിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകയും ചീഫ് പീപ്പിൾ ഓഫീസറുമായ ആകൃതി ചോപ്ര കഴിഞ്ഞ സെപ്‌റ്റംബറില്‍ കമ്പനിയില്‍ നിന്ന് രാജിവച്ചത് വലിയ വാര്‍ത്തയായിരുന്നു. 13 വര്‍ഷങ്ങള്‍ നീണ്ട സേവനമായിരുന്നു അവര്‍ അവസാനിപ്പിച്ചത്.