ലോക വ്യാപാര സംഘടനയുടെ 13 -ാം മന്ത്രിതല യോഗം അടുത്തിടെയാണ് അബുദാബിയില്‍ സമാപിച്ചത്. കാര്യമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെയാണ് യോഗം അവസാനിച്ചത്. എന്തു കൊണ്ട് തീരുമാനങ്ങളൊന്നും കൈക്കൊണ്ടില്ല എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. ഈ സംഘടനയുടെ ഘടന തന്നെയാണ് പ്രശ്‌നം.
ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് ലോക വാണിജ്യ സംഘടന രൂപീകരിച്ചത് തന്നെ. എന്നാല്‍ അംഗ രാജ്യങ്ങളൊക്കെ ഈ സംഘടനയുടെ സംവിധാനങ്ങള്‍ നിരന്തരം ലംഘിക്കുകയാണ്. അമേരിക്ക പോലുള്ള ശക്തരായ അംഗ രാജ്യങ്ങള്‍ അവര്‍ക്ക് ഇഷ്‌ടപ്പെട്ട മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യ കരാറുകളുണ്ടാക്കി ഡബ്ല്യൂടിഒയുടെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയാണ്.
1993 ലാണ് ഇത്തരത്തില്‍ അമേരിക്ക ആദ്യത്തെ സ്വതന്ത്ര വാണിജ്യ കരാര്‍ ഉണ്ടാക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ എഗ്രിമെന്‍റ് എന്ന പേരിലായിരുന്നു കരാര്‍. ഈ കരാര്‍ പ്രകാരം അമേരിക്കയുടെ ഉയര്‍ന്ന സബ്‌സിഡിയോടെയുള്ള കാര്‍ഷിക ഉത്‌പന്നങ്ങള്‍ മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കുമായിരുന്നു. കരാര്‍ എന്ന് പേരുണ്ടെങ്കിലും അമേരിക്കന്‍ കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് വന്‍ സബ്‌സിഡി നല്‍കി മേഖലയിലെമ്പാടുമുള്ള ചന്തകളില്‍ തള്ളുകയെന്ന ലക്ഷ്യമായിരുന്നു അമേരിക്കയ്‌ക്ക്.
അമേരിക്കയുടെ സാമര്‍ഥ്യം കണ്ട് മറ്റു ചില രാജ്യങ്ങളും ഇതേ രീതി അനുവര്‍ത്തിച്ചു. സ്വതന്ത്ര വാണിജ്യ കരാറുകളിലേര്‍പ്പെട്ടു. അതോടെ സ്വതന്ത്ര വാണിജ്യ കരാറുകളുടെ എണ്ണവും കുതിച്ചുയര്‍ന്നു. കരാറിലേര്‍പ്പെടുന്ന രാജ്യത്തിന് ഇന്‍സെന്‍റീവുകള്‍ നല്‍കി കരാര്‍ ഒപ്പ് വയ്‌ക്കുന്ന രാജ്യത്തിനകത്ത് നീതി പൂര്‍വകമായ വിപണി മത്സരത്തിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ സ്വതന്ത്ര വാണിജ്യ കരാറുകള്‍.
ചുരുക്കി പറഞ്ഞാല്‍ നിയമാനുസൃത രീതിയില്‍ ചെറു മീനുകളെ വിഴുങ്ങാന്‍ വന്‍ മീനുകള്‍ക്ക് അവസരം നല്‍കുകയാണ് സ്വതന്ത്ര വാണിജ്യ കരാറുകള്‍. അങ്ങനെ ലോക വാണിജ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടന പോലെയായി. തുടങ്ങി 28 വര്‍ഷത്തിന് ശേഷം രണ്ടാം ലോക മഹായുദ്ധത്തിന് മുന്നേയുള്ള നാളുകളിലേക്ക് തന്നെ ലോകം തിരികെ പോയി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 2 വരെ അബുദാബിയില്‍ നടന്ന പതിമൂന്നാം മന്ത്രിതല യോഗത്തിന്‍റെ പ്രധാന ചര്‍ച്ച വിഷയം കൃഷി തന്നെയായിരുന്നു.
സബ്‌സിഡിയും വിപണി സൗകര്യവും ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരമുഖത്തുള്ള ഇന്ത്യയിലും യൂറോപ്പിലും കൃഷി തന്നെയായിരുന്നു അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം. കൃഷിയുമായി ബന്ധപ്പെട്ട ചർച്ചകളില്‍ തന്നെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പബ്ലിക് സ്‌റ്റോക്ക് ഹോൾഡിങ്ങിനെ കുറിച്ചുള്ള വിഷയമായിരുന്നു ഇന്ത്യയ്ക്കും എണ്‍പതോളം പങ്കാളികൾക്കും പ്രധാനം.
പബ്ലിക് സ്റ്റോക്ക് ഹോൾഡിങ്: രണ്ട് കാരണങ്ങളാലാണ് പബ്ലിക് സ്റ്റോക്ക് ഹോൾഡിങ് പ്രധാനമാകുന്നത്. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പു നല്‍കി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നു. വിപണി വില ഇടിഞ്ഞാലും കർഷകർക്ക് തങ്ങളുടെ ഉത്‌പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകാന്‍ പബ്ലിക് സ്റ്റോക് ഹോള്‍ഡിങ്ങ് വഴി സാധിക്കും. ഇങ്ങിനെ സംഭരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യധാന്യം ഉപയോഗിച്ച് ഏതാണ്ട് 81 കോടിയില്‍പ്പരം പേര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ വിതരണം ചെയ്യുന്നതാണ് രണ്ടാം ഘട്ടം.
ഇത്തരത്തില്‍ സംഭരിക്കുന്ന കാർഷിക ഉത്‌പന്നങ്ങള്‍ക്ക് നൽകാവുന്ന സബ്‌സിഡി പരിമിതപ്പെടുത്തുകയാണ് ഡബ്ല്യുടിഒ നിയമങ്ങൾ. ഭക്ഷ്യ സുരക്ഷയ്ക്കായി പബ്ലിക് സ്റ്റോക്ക് ഹോൾഡിങ് സംവിധാനത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് മൊത്തം 80-ലധികം രാജ്യങ്ങൾ അടങ്ങുന്ന, ഇന്ത്യയും ആഫ്രിക്കൻ ഗ്രൂപ്പുകളും ഉള്‍ക്കൊള്ളുന്ന, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മ ജി-33 ആവശ്യപ്പെട്ടിരുന്നു. പതിനൊന്നാം മന്ത്രിതല സമ്മേളനത്തിന് മുമ്പ് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് 2013 ഡിസംബറിൽ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഡബ്ല്യുടിഒയുടെ ഒമ്പതാം മന്ത്രിതല യോഗം ധാരണയിലെത്തിയതായിരുന്നു.
സബ്‌സിഡിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച പ്രശ്‌നത്തിന് ചില സമാധാന നിര്‍ദേശങ്ങള്‍ ഡബ്ല്യൂടിഒയും മുന്നോട്ടു വച്ചു. ഇത് അനുസരിച്ച് ഏതെങ്കിലും വികസ്വര രാജ്യം 10 ശതമാനത്തില്‍ കൂടുതല്‍ സബ്‌സിഡി നല്‍കി കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യം സംഭരിച്ചാല്‍ അതിന്‍റെ ബാധ്യത മറ്റ് രാജ്യങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ഡബ്ല്യൂടിഒ വ്യക്തമാക്കിയത്. ഇത് വികസ്വര രാജ്യങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല.
കൃഷിയുടെ കാര്യത്തിൽ മിനിമം താങ്ങു വിലയില്‍ കര്‍ഷകരില്‍ നിന്ന് ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ച് പൊതു വിതരണ ശൃംഖല വഴി വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പബ്ലിക് സ്‌റ്റോക്ക് ഹോൾഡിങ്ങ് പദ്ധതി നടപ്പാക്കുന്നതിനുള്ള ശാശ്വത പരിഹാരമാണ് ഇന്ത്യ തേടിക്കൊണ്ടിരുന്നത്. ഇത് ആദ്യ ഇനമായി പരിഗണിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ബ്രസീല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക കയറ്റുമതി രാജ്യങ്ങള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒറ്റ പാക്കേജായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി എത്തി.
പബ്ലിക് സ്റ്റോക്ക് ഹോൾഡിങ് പദ്ധതിക്ക് വേണ്ടി എണ്‍പതോളം രാജ്യങ്ങള്‍ വാദിച്ചപ്പോള്‍ എങ്ങിനെയും ഇത് നിരാകരിക്കാനായിരുന്നു ഈ രാജ്യങ്ങളിലെ വന്‍ വിപണിയില്‍ കണ്ണുനട്ട യുഎസും കാർഷിക കയറ്റുമതിക്കാരും ആഗ്രഹിച്ചത്. പ്രാദേശിക കാർഷിക നയത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയാത്ത തരത്തിലുള്ള വ്യവസ്ഥകള്‍ പബ്ലിക് സ്‌റ്റോക്ക് ഹോൾഡിങ്ങില്‍ ഡബ്ല്യൂടിഒ ഉള്‍പ്പെടുത്തിയത് കൊണ്ടു തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏറെയൊന്നും ചെയ്യാനില്ല. ഇതറിയാതെയാണ് ഇന്ത്യയിലെ ചില കര്‍ഷക സംഘടനകള്‍ കര്‍ഷക താത്‌പര്യം ഉയര്‍ത്തിപ്പിടിക്കാനും ഭക്ഷ്യ സുരക്ഷ സംരക്ഷിക്കാനും ഇന്ത്യ ഡബ്ല്യൂടിഒയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്.
ഡബ്ല്യൂടിഒ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതങ്ങളെന്തെന്നും ഈ സംഘടനകള്‍ക്ക് ശരിക്കും അറിയില്ല. ഡബ്ല്യൂടിഒ സംവിധാനത്തിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ അതിന് കഴിയില്ല. നമ്മുടെ ഉത്‌പന്നങ്ങള്‍ മത്സര വിലയിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയില്ല. തൊഴില്‍ തേടി മറ്റ് രാജ്യങ്ങളിലേക്കുള്ള നമ്മുടെ അഭ്യസ്‌തവിദ്യരുടെയും പ്രൊഫഷണലുകളുടെയും ഒഴുക്കും തടയപ്പെടും. വൻതോതിലുള്ള സാമ്പത്തിക ദുരന്തമാകും അതിന്‍റെ ഫലം. അത്തരം വിഡ്ഢിത്തത്തിലേക്ക് രാജ്യം നീങ്ങണോ?
ശാശ്വതമായ പരിഹാരത്തിന്‍റെ ഭാഗമായി ഭക്ഷ്യ സബ്‌സിഡിയുടെ പരിധി കണക്കാക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫോർമുലയില്‍ ഭേദഗതികൾ ആവശ്യമാണെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 1986-88ലെ മാർക്കറ്റ് വിലയെയും മറ്റും അടിസ്ഥാനമാക്കിയാണ് നിലവിൽ പബ്ലിക് സ്‌റ്റോക്ക് ഹോൾഡിങ്ങിനുള്ള വിപണി വില നിശ്ചയിക്കുന്നത്.
അബുദാബിയിലെ മന്ത്രിതല യോഗത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇടപെട്ട് പരാജയപ്പെടുത്തിയ വികസന കരാറിനുള്ള അംഗീകാരം ഡബ്ല്യൂടിഒയിൽ ഔദ്യോഗികമായി തന്നെ നേടിയെടുക്കാനുള്ള ശ്രമം ജനീവയിൽ വീണ്ടും ഉണ്ടാകാനിടയുണ്ട്. അബുദാബിയിലെ മന്ത്രിതല യോഗത്തില്‍ 120 രാജ്യങ്ങളുടെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചിരുന്നു. വാണിജ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍ദേശങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇതിനെ എതിര്‍ത്തത്.
Also Read: 'ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം തുടങ്ങി; ഇന്ത്യക്ക് നിർണായകം
2026ല്‍ കാമറൂണില്‍ നടക്കാനിരിക്കുന്ന ഡബ്ല്യൂടിഒയുടെ പതിനാലാം മന്ത്രി തല യോഗത്തിനകം ലിംഗ സമത്വം, എംഎസ്‌എംഇകൾ പോലുള്ള വ്യാപാരേതര അജണ്ടകള്‍ ഡബ്ല്യൂടിഒയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണം. ലോക വ്യാപാര സംഘടനയുമായി സാമ്പത്തിക ശക്തിയുടെ അടിസ്ഥാനത്തില്‍ മത്സരപരമായി വിലപേശാനും തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട്.