മുംബൈ : പോളിസി നിരക്ക് മാറ്റാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി. റീട്ടെയിൽ പണപ്പെരുപ്പം 4 ശതമാനത്തേക്കാൾ ഉയർച്ചയിൽ തുടരുന്നതിനാൽ പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ആഭ്യന്തര-ആഗോളതലങ്ങളിൽ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എംപിസിയുടെ ആറിൽ നാല് അംഗങ്ങളും അനൂകൂലിച്ചതോടെയാണ് റിപ്പോ നിരക്ക് നിലനിർത്താൻ തീരുമാനിച്ചത്.
തൽഫലമായി സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കും 6.25 ശതമാനമായി തുടരുകയാണ്. ധനനയം അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശക്തികാന്ത ദാസ്. ധനനയത്തോടുള്ള സന്തുലിത സമീപനത്തിൻ്റെ പ്രാധാന്യവും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.
സാമ്പത്തിക വളർച്ചയെ പിന്തുണയ്‌ക്കുന്നതോടൊപ്പം പണപ്പെരുപ്പം ടാർഗറ്റ് റേഞ്ചുമായി ഒത്തുപോകുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ നയം ക്രമേണ പിൻവലിക്കാൻ എംപിസിക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ സന്തുലിതമാക്കുന്നതിനുള്ള ആർബിഐയുടെ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ത്രിമാസ നയപ്രഖ്യാപനമാണിത്. ഇതോടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ച പ്രവചനങ്ങൾ ആർബിഐ പരിഷ്‌കരിച്ചു.
എന്താണ് റിപ്പോ നിരക്ക് : റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിലെ പലിശ നിരക്കിനെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. റിപ്പോ നിരക്ക് കുറയ്‌ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ ലഭിക്കുകയും റിപ്പോ നിരക്ക് വര്‍ധിക്കുമ്പോള്‍ പലിശ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. റിപ്പോ നിരക്ക് ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് കരുതിയെങ്കില്‍ തെറ്റി.
റിപ്പോ നിരക്കിലെ വ്യത്യാസങ്ങള്‍ സാധാരണക്കാരെയും ബാധിക്കും എന്നതാണ് യാഥാര്‍ഥ്യം. റിപ്പോ നിരക്ക് കുറയുമ്പോള്‍ കുറഞ്ഞ പലിശയില്‍ ബാങ്കുകള്‍ക്ക് വായ്‌പ ലഭിക്കുകയും ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്‌പകള്‍ നല്‍കുകയും ചെയ്യും.