ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലാഭത്തില്‍ വന്‍ കുതിപ്പ്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 159 ശതമാനം വര്‍ധനയാണ് കഴിഞ്ഞ കൊല്ലം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 3,252 കോടിയുടെ വര്‍ധനയാണ് ആദ്യ പാദത്തില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം ഈ കാലയളവില്‍ 1,255 കോടിയായിരുന്നു ബാങ്കിന്‍റെ ലാഭം. വിവിധ ഘടകങ്ങളില്‍ നിന്നുള്ള വരുമാനമാണ് ബാങ്കിന്‍റെ ലാഭത്തില്‍ വര്‍ധനയുണ്ടാക്കിയത്. ആസ്‌തികളില്‍ നിന്നുള്ള വരുമാനം 0.82 ശതമാനം വര്‍ധന രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലമിത് 0.34 ശതമാനമായിരുന്നു. ഇക്വിറ്റികളില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായത്. കഴിഞ്ഞ കൊല്ലത്തെ 7.50 ശതമാനത്തില്‍ നിന്ന് 16.82 ശതമാനമായി വര്‍ധിച്ചു.
മൊത്തം പലിശ നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. 10.23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലത്തെ 9,504 കോടിയില്‍ നിന്ന് ഇക്കുറി 10.476 കോടിയിലെത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മൊത്തം ആസ്‌തി വരുമാനത്തിലും വര്‍ധനയുണ്ടായി. ഗ്രോസ് നോണ്‍ പെര്‍ഫോമിങ് അസറ്റ് അനുപാതത്തില്‍ 275 അടിസ്ഥാന പോയിന്‍റ് കുറഞ്ഞു. അതുപോലെ തന്നെ മൊത്തം നോണ്‍ പെര്‍ഫോമിങ് അസെറ്റുകളിലെ അനുപാതത്തില്‍ 138 പോയിന്‍റ് അടിസ്ഥാന വര്‍ധന ഉണ്ടായിട്ടുണ്ട്. അതായത് കഴിഞ്ഞ വര്‍ഷത്തെ 1.98 ശതമാനത്തില്‍ നിന്ന് 0.60 ശതമാനമായി കുറഞ്ഞു.
പിഎന്‍ബിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 10.27ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. അതായത് 6,581 കോടി രുപയാണ് ഇത്തരത്തിലുള്ള ലാഭം. കഴിഞ്ഞ വര്‍ഷമിത് 5,968 രൂപയായിരുന്നു.
ബാങ്കിന്‍റെ ആകെ ആഗോള ഇടപാടുകളില്‍ 10.03 ശതമാനം വര്‍ധനയുണ്ടായി. 22,14,741 കോടിയില്‍ നിന്ന് 24,36,929 കോടിയായാണ് വര്‍ധന. ആഗോള നിക്ഷേപം 8.50ശതമാനമായി ഉയര്‍ന്നു. അതായത് 14,08,247 കോടി.
ബാങ്കിന്‍റെ ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ധനയുണ്ട്. ബാങ്കിന്‍റെ അന്‍പത് ശതമാനം ഇടപാടുകാരും വാട്‌സ്ആപ്പ് ബാങ്കിങ് ഉപയോക്താക്കളാണ്. 133 ശതമാനം വര്‍ധനയാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ വായ്‌പ തീര്‍പ്പാക്കല്‍ 48.5 ശതമാനം വര്‍ധിച്ചു. പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി ഡിജിറ്റല്‍ മോഡില്‍ അവതരിപ്പിച്ച ആദ്യ ബാങ്കെന്ന പദവിയും പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വന്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കിന് 10,150 ആഭ്യന്തര ശാഖകളും രണ്ട് രാജ്യാന്തര ശാഖകളുമുണ്ട്. ബാങ്കിന് ആകെ 12,080 എടിഎമ്മുകളും 32,630 ജീവനക്കാരുമുണ്ട്. പിഎന്‍ബിയുടെ നൂതന പരിപാടികള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് ഫിനക്കിള്‍ ഇന്നവേഷന്‍ പുരസ്‌കാരം അടക്കമുള്ളവ ഇവര്‍ നേടിയിട്ടുണ്ട്.