കോഴിക്കോട് : കാലം മാറുന്നതനുസരിച്ച് കോലവും മാറും എന്നൊരു ചൊല്ലുണ്ട്. കാലത്തിന് അനുസരിച്ച് ആഘോഷങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വിഷുക്കണിയിലും അത്തരത്തിൽ ഒരു മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പണ്ട് കാടും മേടും താണ്ടി ഏറെയലഞ്ഞാണ് വിഷുക്കണിക്കായി കണിക്കൊന്ന ശേഖരിച്ചിരുന്നത്. എന്നാലിന്ന് ശേഖരിച്ച നല്ല മഞ്ഞ കണിക്കൊന്നയ്ക്ക് പകരം പ്ലാസ്‌റ്റിക്കിന്‍റെ കണിക്കൊന്നയാണ് വിപണിയിൽ സുലഭമായി ലഭിക്കുന്നത്.
നല്ല തുടുത്ത കടും മഞ്ഞ നിറത്തിലുള്ള കണിക്കൊന്ന കുലകൾ ഒറ്റനോട്ടത്തിൽ കണ്ടാൽ പ്ലാസ്‌റ്റിക് ആണെന്ന് ആർക്കും മനസ്സിലാവില്ല. കൊന്നമരത്തിന്‍റെ ഇലകളും ഒറിജിനലിന് സമാനമാണ്. നഗരവാസികളാണ് ഏറെയും പ്ലാസ്‌റ്റിക്ക് കണിക്കൊന്നയുടെ ആവശ്യക്കാർ. കൊഴിഞ്ഞ് വീഴില്ലെന്നതും കേടാവാതെ നിരവധി കാലം സൂക്ഷിക്കാം എന്നതുമാണ് പ്ലാസ്‌റ്റിക് കണിക്കൊന്നയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
പ്ലാസ്‌റ്റിക്കിന്‍റെ കണിക്കൊന്ന വിപണിയിൽ ധാരാളം എത്തിയതോടെ ഇപ്പോൾ കണിവെള്ളരിയും പ്ലാസ്‌റ്റിക് ഉണ്ടോ എന്ന ചോദ്യവുമായി ആളുകൾ കടകളിൽ എത്തുന്നുണ്ടത്രെ. അതും സമീപഭാവിയിൽ തന്നെ ഇറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിഷുക്കണിയിലെ പ്രധാനി ഉണ്ണിക്കണ്ണന്‍റെ പ്രതിമകളും വിപണിയെ സജീവമാക്കുന്നുണ്ട്.
വിവിധ വർണ്ണത്തിലും രൂപത്തിലും കാഴ്‌ചക്കാരെ ആകർഷിക്കുന്ന വിധത്തിൽ അലങ്കാരങ്ങളുമുള്ള ഉണ്ണിക്കണ്ണന്‍റെ പ്രതിമകളും ഏറെ എത്തിയിട്ടുണ്ട്. പൾപ്പുപയോഗിച്ച് നിർമ്മിച്ച ഉണ്ണികണ്ണന്‍റെ പ്രതിമയ്ക്ക് 200 രൂപ മുതൽ 3000 രൂപ വരെ വില വരും. 800 മുതൽ 8000 രൂപ വരെ വില വരുന്ന ഫൈബർ പ്രതിമകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. വ്യത്യസ്‌ത നിറങ്ങളിൽ മുത്തുകളും മറ്റും പതിച്ച് മനോഹരമാക്കിയ ഉണ്ണിക്കണ്ണന്‍റെ പ്രതിമകൾക്ക് ഡിമാൻഡ് കൂടുതലാണ്. ഏതായാലും വിഷുവിന് കണിയൊരുക്കാൻ ഇത്തവണ ചിലവ് ഏറും എന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ : വിഷു എത്തി, കണികാണാന്‍ കണിവെള്ളരി റെഡി; പെരുവയലില്‍ വിളഞ്ഞത് നൂറുമേനി