ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 8.4 ശതമാനം വളർച്ച നേടിയതായി റിപ്പോര്‍ട്ട്. രാജ്യം അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ എന്നീ രണ്ട് പാദങ്ങളിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനവും 7.6 ശതമാനവും വളർച്ചയാണ് കൈവരിച്ചിരുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2022-23 ലെ ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരുന്നു.എന്നാല്‍ 2023-24 വര്‍ഷത്തില്‍ ജിഡിപിയുടെ വളർച്ചാ നിരക്ക് 7.6 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2022-23 വര്ഷം 269.50 ലക്ഷം കോടി രൂപയായിരുന്ന നോമിനല്‍ ജിഡിപി 2023-24 ല്‍ 293.90 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കരുതുന്നത്. 9.1 ശതമാനം വളർച്ചാ നിരക്കാണ് നോമിനല്‍ ജിഡിപിയില്‍ പ്രതീക്ഷിക്കുന്നത്.
2023-24 ലെ മൂന്നാം പാദത്തിലെ ജിഡിപി 43.72 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23ലെ മൂന്നാം പാദത്തില്‍ ഇത് 40.35 ലക്ഷം കോടി രൂപയായിരുന്നു. ഇവിടെ 8.4 ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്‍റെ 7.3 ശതമാനം എന്ന ജിഡിപി വളര്‍ച്ചാ നിരക്കില്‍ നിന്ന് 30 ബേസിസ് പോയിന്‍റ് കുറവാണ് ആര്‍ബിഐയുടെ കണക്കുകള്‍ക്ക്. 2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 7 ശതമാനമാണ് എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2022-23ൽ 7.2 ശതമാനവും 2021-22ൽ 8.7 ശതമാനവുമായി വളർന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി സർക്കാർ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെയും നടപടികളുടെയും ഫലമാണിതെന്ന് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.
5 ട്രില്യൺ ഡോളർ ജിഡിപിയുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2030 ഓടെ ഏഴ് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യക്ക് കഴിയുമെന്നാണ് ധനമന്ത്രാലയം ഉറപ്പുനല്‍കുന്നത്.
Also Read: മദ്യശാലകളുടെ ലേലം; ജമ്മു കശ്മീരില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയർന്ന നിരക്ക്