ന്യൂഡൽഹി : പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിൻ്റെ ഓഹരികളുടെ നിലവിലെ മൂല്യം പൂജ്യമാണെന്ന് സാമ്പത്തിക സ്ഥാപനമായ എച്ച്എസ്‌ബിസിയുടെ ഗവേഷണ റിപ്പോര്‍ട്ട്. 22 ബില്യൺ ഡോളർ (1,835,567,580,000 രൂപ) മൂല്യമുണ്ടായിരുന്ന കമ്പനിയായിരുന്നു ബൈജൂസ്. ബൈജൂസിൻ്റെ നിക്ഷേപ കമ്പനിയായ പ്രോസസിൻ്റെ 10 ശതമാനം ഓഹരികൾക്ക് (ഏകദേശം 500 മില്യൺ ഡോളർ) എച്ച്എസ്ബിസി പൂജ്യം മൂല്യം നൽകി.
ഒന്നിലധികം കേസുകളും ഫണ്ടിങ് പ്രതിസന്ധികളുമുള്ള ബൈജൂസിൻ്റെ ഓഹരിക്ക് തങ്ങൾ പൂജ്യം മൂല്യം നൽകുന്നുവെന്നാണ് എച്ച്എസ്ബിസി കുറിപ്പിൽ പറയുന്നത്. നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. മുമ്പ് ബൈജൂസിൻ്റെ ഓഹരികൾക്ക് വലിയ മൂല്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിയമപോരാട്ടങ്ങൾക്കിടയിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുകയാണ് ബൈജൂസ്. തുടർന്ന് നിരവധി ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബൈജൂസ് ആപ്പ് നേരിടുന്ന പ്രശ്‌നങ്ങളാണ് കമ്പനിയുടെ ഓഹരി മൂല്യം പൂജ്യമാകാൻ കാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിച്ച് കടന്നുപോകുകയാണ് കമ്പനിയെന്നും തങ്ങളും മറ്റ് ഷെയർഹോൾഡർമാരും ചേർന്ന് സ്ഥിതി മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയാണെന്നും കമ്പനിയുമായി ചർച്ചയിലാണെന്നും ബൈജൂസിൻ്റെ ഷെയർഹോൾഡർമാരിലൊരാളായ പ്രൊസസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാസ്‌തവത്തിൽ 2022ൻ്റെ തുടക്കത്തിൽ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌റോക്കുമായി 40 ബില്യൺ ഡോളർ വരെ മൂല്യമുള്ള ഒരു സ്‌പാക് ഇടപാട് നടത്താനിരിക്കുകയായിരുന്നു ബൈജൂസ്. എന്നാൽ 2022ൻ്റെ തുടക്കത്തിൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നതിൽ നിന്ന് ബ്ലാക്ക്‌റോക്ക് വെറും 1 ബില്യൺ ഡോളറായി കുറക്കുകയായിരുന്നു.