ഇടുക്കി : ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ച് ഗ്രാമ്പുവിന്‍റെ വില വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 800ന് മുകളില്‍ വില ലഭിച്ചിരുന്ന ഗ്രാമ്പുവിനിപ്പോള്‍ ആയിരത്തിനടുത്ത് വരെ വില ലഭിക്കുന്നുണ്ട്. മുമ്പ് ഗ്രാമ്പുവിന്‍റെ വില ഇടിഞ്ഞ് നാനൂറ്റി അമ്പതിനടുത്ത് വരെ എത്തിയിരുന്നു.
ഇതേ തുടര്‍ന്ന് കര്‍ഷകര്‍ പലരും ഗ്രാമ്പു കൃഷി ഉപേക്ഷിക്കുകയും ഗ്രാമ്പുമരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്‌തു. വിലയിടിവിന്‍റെ കാലത്ത് ഗ്രാമ്പുവിന്‍റെ വിളവെടുപ്പ് കൂലി താങ്ങാനാവാതെ വന്നതായിരുന്നു പല കര്‍ഷകരെയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചതിന് കാരണം. കർഷകരുടെ പിൻമാറ്റത്തെ തുടര്‍ന്ന് ഗ്രാമ്പുവിന്‍റെ ഉത്പാദനം കുറഞ്ഞതോടെയാണിപ്പോള്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.
എന്നാല്‍ ഉയര്‍ന്ന വില ലഭിക്കുമ്പോള്‍ വില്‍പ്പനക്കെത്തിക്കാന്‍ ഉത്പന്നമില്ലാത്തത് കര്‍ഷകര്‍ക്ക് നിരാശ നല്‍കുന്നുണ്ട്. കമ്പോളത്തില്‍ എത്തുന്ന ഗ്രാമ്പുവിന്‍റെ അളവിലും വലിയ കുറവുള്ളതായി വ്യാപാരികള്‍ പറയുന്നു. സംസ്‌ക്കരിച്ച ഗ്രാമ്പുവിന് നിറം കുറഞ്ഞാലോ ഒടിഞ്ഞാലോ വില കുത്തനെയിടിയും. ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ സംസ്‌ക്കരിക്കുമ്പോള്‍ നിറം കുറയുന്നതിനാല്‍ ഗ്രാമ്പുവിന് വില ലഭിക്കാത്ത സാഹചര്യവും കര്‍ഷകരെ കൃഷിയില്‍ നിന്നകറ്റാന്‍ കാരണമായിട്ടുണ്ട്.
Also read : കീടങ്ങളെ അകറ്റാൻ ബാരിക്‌സ് സ്‌റ്റിക്കർ കെണി: ഇത് മരക്കാർ ബാവയുടെ ഗ്യാരണ്ടി