കോഴിക്കോട് : കണിവെള്ളരി ഇല്ലാതെ എന്ത് വിഷു. വിഷുക്കണിയിൽ പ്രഥമ സ്ഥാനമുണ്ട് കണിവെള്ളരിക്ക്. വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ് സ്വർണ പ്രഭയിൽ തിളങ്ങി നിൽക്കുന്ന കണിവെള്ളരികൾ. അതുകൊണ്ടുതന്നെ സ്വർണ വർണത്തിലുള്ള അഴകൊത്ത കണി വെള്ളരികൾക്ക് ഡിമാന്‍റും ഏറെയാണ്.
ഇത്തവണയും കോഴിക്കോട് ജില്ലയിലെ പെരുവയലിലും മാവൂരിലും തന്നെയാണ് കണി വെള്ളരി കൃഷി കൂടുതലും ഉള്ളത്. കടും മഞ്ഞ നിറത്തിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്ന കണിവെള്ളരി ആരെയും ആകർഷിക്കും. ചെറുകുളത്തൂരിലെ കിഴക്കും പാടത്തും കഴിഞ്ഞ വർഷത്തേക്കാൾ കണിവെള്ളരി കൃഷി കൂടുതലുണ്ട് ഇത്തവണ.
പ്രദേശത്തെ പാരമ്പര്യ കർഷകരായ ബാലകൃഷ്‌ണനും, കാങ്ങോശ്ശേരി പ്രകാശനും, മനോഹരനും, ടി പി പ്രകാശനും ചേർന്നുള്ള കണി വെള്ളരി കൃഷിയില്‍ നൂറ് മേനിയാണ് ഇത്തവണ വിളവ്. മൂന്ന് ഏക്കർ പാടത്തെ കണിവെള്ളരി കൃഷിയുടെ മേന്മയറിഞ്ഞ് നിരവധി പേരാണ് വെള്ളരിക്കായി എത്തുന്നത്. ആവശ്യക്കാർ ഏറിയതോടെ വിഷു എത്തുന്നതിന് വളരെ മുമ്പ് തന്നെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
വിളവെടുത്ത കണിവെള്ളരികൾ വൃത്തിയാക്കി തരം തിരിച്ചാണ് ആവശ്യക്കാർക്ക് കൈമാറുന്നത്. നേരത്തെ പ്രാദേശിക വിപണി മാത്രമായിരുന്നു കർഷകരുടെ ലക്ഷ്യം. എന്നാൽ ഇപ്പോൾ കുത്തക കമ്പനികളും കണിവെള്ളരിക്ക് വേണ്ടി വയലുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കർഷകർ ഇത്തവണയും മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും കണിവെള്ളരി കർഷകരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പാരമ്പര്യമായി കൈമാറി കിട്ടിയ കണിവെള്ളരി കൃഷിയെ വരുംതലമുറയ്ക്ക് വേണ്ടി കാത്തു വയ്‌ക്കുകയാണ് ചെറുകുളത്തൂരിലെ കണിവെള്ളരി കർഷകർ.
ALSO READ : തേനൂറുന്ന മധുരമുള്ള തണ്ണിമത്തനുകൾ; നൂറുമേനി വിളയിച്ച് മരക്കാർ ബാവ