കോഴിക്കോട് : മാവൂർ ചിറക്കൽ താഴത്തെ നടുവിലേടത്ത് താഴം വയൽ ഏറെക്കാലമായി തരിശായി കിടക്കുകയായിരുന്നു. ഇവിടുത്തെ കൃഷി സംബന്ധിച്ച് പുതുതലയ്‌ക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്നു. അങ്ങനെയുള്ള വയലിനെയാണ് ഇപ്പോൾ ചെമ്പകം വനിത കാർഷിക കൂട്ടായ്‌മ വിള സമൃദ്ധമാക്കിയിരിക്കുന്നത്. കാര്‍ഷികരംഗത്ത് വിജയത്തിന്‍റെ പുതു അധ്യായം രചിച്ചിരിക്കുകയാണ് ഈ കൂട്ടായ്‌മ. 11 പേരടങ്ങിയ സംഘം നാല് ഏക്കറിലാണ് നെൽകൃഷി ഇറക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് കൃഷിയെ പരിചരിച്ചപ്പോൾ നൂറു മേനി വിളവാണ് ലഭിച്ചത്.
120 ദിവസം മൂപ്പുള്ള ഉമ, വൈശാഖ് എന്നീ ഇനങ്ങളില്‍പ്പെട്ട നെൽവിത്തുകളാണ് ഇറക്കിയത്. കാർഷികവകുപ്പിന്‍റെയും പ്രദേശത്തെ പാരമ്പര്യ കർഷകരുടെയും മാർഗനിർദേശത്തിൽ കൈമെയ് മറന്നുള്ള ഇവരുടെ പരിചരണത്തിൽ നെൽകൃഷി വിളവെടുപ്പിന് പാകമായി. നടുവിലേടത്ത് വയലിലെ നെൽകൃഷിയുടെ വിളവെടുപ്പിന് മാവൂരിലെ ജനപ്രതിനിധികളും പ്രദേശത്തെ കർഷകരുമെല്ലാം ഒത്തുകൂടിയിരുന്നു. ഇവരുടെ ആവശ്യം കഴിഞ്ഞ്, ബാക്കി വരുന്ന നെല്ല് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ വിജയം വരുംവർഷങ്ങളിലും കൂടുതൽ കൃഷിയിറക്കാനുള്ള പ്രചോദനമായാണ് ചെമ്പകം കാർഷിക കൂട്ടായ്‌മയിലെ വനിത അംഗങ്ങൾ കണക്കാക്കുന്നത്.
ALSO READ : കള്ള് ചെത്തിനൊപ്പം കൃഷിയും; വിജയഗാഥ രചിച്ച് കീഴാറ്റൂരിലെ രജീഷ്