ന്യൂഡൽഹി : ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അദാനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്. അദാനി എനർജിയുടെ ഓഹരിയില്‍ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ടോട്ടൽ ഗ്യാസ് 13.39 ശതമാനവും എൻഡിടിവി 11 ശതമാനവും അദാനി പവർ 10.94 ശതമാനവും ഇടിഞ്ഞു.
അദാനി ഗ്രീൻ എനർജി ഓഹരികൾ 6.96 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി വിൽമർ കമ്പനിയുടെ ഓഹരി 6.49 ശതമാനമാണ് ഇടിഞ്ഞത്. അദാനി എൻ്റർപ്രൈസസ് 5.43 ശതമാനം, അദാനി പോർട്ട്സ് 4.95 ശതമാനം, അംബുജ സിമൻ്റ്സ് 2.53 ശതമാനം, എസിസി 2.42 ശതമാനവും ഇടിഞ്ഞു.
ഇക്വിറ്റി വിപണിയിൽ ബിഎസ്ഇ സെൻസെക്‌സ് 479.78 പോയിൻ്റ് ഇടിഞ്ഞ് 79,226.13-ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 155.4 പോയിൻ്റ് താഴ്ന്ന് 24,212.10-ലും എത്തി.
ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായത്.