നരസരാവോപേട്ട്(ആന്ധ്രാപ്രദേശ്): അന്‍പതുവയസുള്ള ആദിവാസി സ്‌്ത്രീയെ വൈഎസ്ആര്‍പി പിന്തുണയുള്ള സര്‍പാഞ്ചിന്‍റെ സഹായി ട്രാക്‌ടര്‍ കയറ്റി കൊന്നതായി ആരോപണം. പാര്‍ട്ടി സജ്ജമാക്കിയിട്ടുള്ള ജലസംഭരണിയില്‍ നിന്ന് വെള്ളമെടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ ഇവര്‍ക്ക് നേരെ ട്രാക്‌ടര്‍ ഓടിച്ച് കയറ്റിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ പൈനാട് ജില്ലയിലാണ് സംഭവം(YSRCP Village Sarpanch).
ഇവര്‍ ടിഡിപിയെ പിന്തുണയ്ക്കുന്ന ആളാണ് എന്ന് ആരോപിച്ച് ഇവരെ വെള്ളമെടുക്കുന്നതില്‍ നിന്ന് ഇയാള്‍ തടഞ്ഞതായും സാക്ഷികള്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇവരുടെ ശരീരത്തിലേക്ക് ട്രാക്‌ടര്‍ ഓടിച്ച് കയറ്റുകയായിരുന്നു( Tribal Woman).
എന്നാല്‍ ഇതൊരു അപകടമാണെന്നാണ് പൊലീസ് ഭാഷ്യം. ട്രാക്‌ടര്‍ ഓടിച്ച ആളിന് ഇതില് വൈദഗ്ദ്ധ്യം കുറവായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊലീസ് പറയുന്നു. ബനവത് സമുനിബോയി(50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
പല്‍നാട് ജില്ലയിലെ മചാര്‍ല മണ്ഡലത്തില്‍ രത്നചിന്തലയിലുള്ള മല്ലാവരം ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി വൈഎസ്ആര്‍ പിന്തുണയുള്ള ഗ്രാമത്തലവന്‍ ഷെയ്ഖ് നാനെ സാഹേബ് ആണ് ഇവിടെ ട്രാക്‌ടറില്‍ വെള്ളമെത്തിക്കുന്നത്.
കഴിഞ്ഞ ദിവസവും രാവിലെ ജലസംഭരണിയുമായി ട്രാക്‌ടര്‍ എത്തുകയും സ്‌ത്രീകള്‍ വെള്ളം ശേഖരിക്കാനായി എത്തുകയും ചെയ്‌തു. ജലവിതരണം പുരോഗമിക്കുന്നതിനിടെ നിരയില്‍ നിന്ന ഈ സ്‌ത്രീയെ സര്‍പാഞ്ചിന്‍റെ സഹായി ആയ ഡ്രൈവര്‍ മണികാന്ത് നായിക്ക് ചോദ്യം ചെയ്യുകയായിരുന്നു. എതിര്‍പാര്‍ട്ടിക്കാരിയായ ഇവര്‍ എന്തിനാണ് തന്‍റെ പാര്‍ട്ടിയുടെ വെള്ളമെടുക്കാന്‍ എത്തിയത് എന്നായിരുന്നു ചോദ്യം.
വെള്ളത്തിന് എന്താണ് രാഷ്‌ട്രീയമെന്നും വെള്ളം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ മറുപടി അയാളെ ചൊടിപ്പിക്കുകയും സ്‌ത്രീയുടെ നേര്‍ക്ക് മൂന്ന് തവണ ട്രാക്‌ടര്‍ ഓടിച്ച് കയറ്റുകയുമായിരുന്നു. ഇവരുടെ വയറ്റത്തേക്ക് ട്രാക്‌ടറിന്‍റെ മുന്‍വശത്തെ ബമ്പര്‍ ആണ് ഇടിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു മതില്‍ തടസമായി. ഗുരുതര പരിക്കേറ്റ സമുനി ബോയിയെ നാട്ടുകാര്‍ മച്ചെര്‍ല ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ മരിച്ചു.
ഭിന്നശേഷിക്കാരനാണ് ഇവരുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ഇവരെല്ലാവരും വിവാഹിതരാണ്. ട്രാക്‌ടര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
എന്നാല്‍ ഡ്രൈവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പൊലീസ് തള്ളുകയാണ്. വെള്ളം നിയന്ത്രിക്കാനുള്ള മോട്ടോറിലെ സ്വിച്ച് മാറ്റുന്നതിനിടെ അബദ്ധത്തില്‍ ട്രാക്‌ടര് ഉരുണ്ട് വന്ന് സ്‌ത്രീയെ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം. മികച്ച ഡ്രൈവര്‍ ആയിരുന്നില്ല ഇയാളെന്നും പൊലീസ് പറയുന്നു. കേസില്‍ അന്വേഷിക്കുമെന്നും എസ്എസ്ഐ നാരായണ റെഡ്ഡി പറഞ്ഞു.