മുംബൈ: മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ സന്ദര്‍ശനം നടത്തുമോയെന്ന ചോദ്യവുമായി ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം അവിടുത്തെ സ്ഥിതിയില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്നും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞു.
ജീവനുകള്‍ നഷ്‌ടമായിക്കൊണ്ടേയിരിക്കുന്നു. ആരാണ് ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്നും വാര്‍ത്ത സമ്മേളനത്തില്‍ ഉദ്ധവ് താക്കറെ ചോദിച്ചു. താന്‍ രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നിയമസഭയിലെ നാല് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാവികാസ് അഘാടിക്ക് സ്ഥാനാര്‍ഥികളെ ചൊല്ലി യാതൊരു അഭിപ്രായ ഭിന്നതകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന(യുബിടി), കോണ്‍ഗ്രസ്, ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി(എസ്‌പി) എന്നിവരടങ്ങിയതാണ് മഹാവികാസ് അഘാടി. സഖ്യത്തില്‍ യാതൊരു ഭിന്നതകളുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
എല്ലാ കക്ഷികളും നിശ്ചിത സമയത്ത് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള സമയം ജൂണ്‍ ഏഴിന് അവസാനിച്ചിരുന്നു. ഈ മാസം 26നാണ് വോട്ടെടുപ്പ്. അടുത്ത മാസം ഒന്നിന് ഫലം പ്രഖ്യാപിക്കും.
മണിപ്പൂരില്‍ ഒരു വര്‍ഷത്തിനിപ്പുറവും സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്ന് തിങ്കളാഴ്‌ച മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ജമ്മുകശ്‌മീരിലെ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ്