പ്രയാഗ്‌രാജ് : തനിക്കെതിരെ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവായ റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനടക്കം 16 പേര്‍ക്കെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. വ്യാജ രേഖകൾ ചമച്ച് ഭർത്താവ് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന രാംനേന്ദ്ര വിക്രം സിങ്ങിന്‍റെ ഭാര്യ ഉമാ സിങ്ങിന്‍റെ പരാതിയിലാണ് നടപടി.
ബൽറാം എജ്യുക്കേഷണൽ ആൻഡ് സോഷ്യൽ റിഫോം കമ്മിറ്റി സിർഹരി മേജ പ്രയാജ്‌രാജ് സെക്രട്ടറിയും മാനേജരുമാണ് ഉമാ സിങ്. സൊസൈറ്റിയുടെ ജനറൽ ബോഡി അംഗങ്ങളുടെ വിവിധ വർഷങ്ങളിലെ പട്ടിക രാംനേന്ദ്ര വിക്രം തയ്യാറാക്കിയതായി ഭാര്യ പരാതിയില്‍ പറയുന്നു. ഇതിൽ ഉമാ സിങ്ങിന്‍റെ വ്യാജ ഒപ്പ് ഇടുകയും, മറ്റ് 16 പേരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖയുണ്ടാക്കി അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഫീസിൽ രേഖകൾ സമർപ്പിക്കുകയും ചെയ്‌തു.
ഇതേതുടര്‍ന്ന് സംഘടന വ്യാജ രേഖകളുണ്ടാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എന്നും സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തു എന്നും ആരോപണം ഉയര്‍ന്നതായും പരാതിയില്‍ പറയുന്നു. വ്യാജ രേഖകൾ ചമച്ച് തന്നെ ഉപദ്രവിക്കാനാണ് ഭർത്താവിന്‍റെ ഉദ്ദേശിച്ചത്. വ്യാജ ഒപ്പും രേഖകളും ഉപയോഗിച്ച് പണം അപഹരിച്ചതായും ഉമാ സിങ് പരാതിയിൽ പറയുന്നു.
ഈ ആരോപണങ്ങളുമായി ഉമാ സിങ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിർദേശ പ്രകാരമാണ് ശിവ്കുട്ടി പൊലീസ് സംഭവത്തിൽ കേസെടുത്തത്. തുടര്‍ന്ന്, വിരമിച്ച ഐപിഎസ് ഓഫീസര്‍ ഉൾപ്പടെ 16 പേർക്കെതിരെ കേസെടുത്തു. മംമ്ത, സാവിത്രി സിങ്, രാധ, സുരേഷ് മിശ്ര, പ്രദീപ് ഭട്ടാചാര്യ, രവീന്ദ്ര സിങ്, ഡോ. ശ്രീ പ്രകാശ് പാണ്ഡെ, ഡോ. ഹൃദയാഞ്ചൽ ശുക്ല, നീതു തിവാരി, അബ്ദുൾ റഹ്മാൻ, പർമാനന്ദ് പാണ്ഡെ, പ്രതാപ് സിംഗ് , സഞ്ജയ് തിവാരി, പരമത്മാനന്ദ പാണ്ഡെ, വീരേന്ദ്ര എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.