സന്ദേശ്‌ഖാലി : റേഷൻ വിതരണ അഴിമതി കേസിൽ ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ (Shahjahan Shaikh) സന്ദേശ്ഖാലിയിലെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തി (West Bengal Ration Distribution Scam. കോടികളുടെ റേഷൻ വിതരണ അഴിമതിയിൽ ഇയാൾക്ക് ബന്ധമുള്ളത് കൊണ്ടായിരുന്നു റെയ്‌ഡ് എന്നാണ് ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞത്.
120 സിആർപിഎഫ് ( Central Reserve Police Force ) ഉദ്യോഗസ്ഥരും പൊലീസും റെയ്‌ഡ് നടത്താൻ ഇഡിക്ക് ഒപ്പം എത്തിയിരുന്നു. ഷാജഹാൻ ഷെയ്ഖിന്‍റെ വീടിന്‍റെ ഗേറ്റുകൾ അകത്ത് നിന്ന് പൂട്ടിയാണ് ഇഡിയുടെ പരിശോധന. ജനുവരി 5 ന് ഷാജഹാൻ ഷെയ്ഖിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്താൻ പോയ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തെ തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. തുടർന്ന് ഇഡി ഉദ്യോഗസ്ഥരും സുരക്ഷ സേനയും സംഭവസ്ഥലത്ത് നിന്ന് തിരികെ പോകാൻ നിർബന്ധിതരായി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഷാജഹാൻ ഷെയ്ഖും കുടുംബവും പരാതി നൽകിയിരുന്നു. അതിന് ശേഷം ഷാജഹാൻ ഷെയ്ഖ് ഒളിവിലാണ്.
Also read : റേഷൻ വിതരണ അഴിമതി കേസ്; റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പരാതിയുമായി ഇഡി
ന്ദേശ്ഖാലി പ്രദേശത്തെ പ്രമുഖ തൃണമൂല്‍ കോൺഗ്രസ് നേതാവാണ് ഷാജഹാൻ ഷെയ്ഖ്. ഇയാൾക്കെതിരെ നിരവധി കൊലപാതക കേസുകളുണ്ട്. പൊലീസ് ഷെയ്ഖിനെതിരെ ഒരു നടപടിയും സ്വകരിക്കുന്നില്ലെന്നും. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ മുൻപ് ആവശ്യപ്പെട്ടിരുന്നു.
റേഷൻ വിതരണ അഴിമതി കേസിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആദ്യയെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി ഒക്‌ടോബര്‍ 26ന് അറസ്റ്റ് ചെയ്‌തിരുന്നു. സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ് നടന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയായ ബക്കിപൂര്‍ റഹ്‌മാൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജ്യോതിപ്രിയ മല്ലിക്കിലേക്ക് എത്തിയത്. മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്.