കൊൽക്കത്ത : റേഷൻ വിതരണ അഴിമതി കേസിൽ (West Bengal Ration Distribution Scam) ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ (Attack against ED) പരാതി നൽകി ഇഡി. ഡിജി റജീബ് കുമാറിനും ബസിർഹട്ട് പൊലീസ് സൂപ്രണ്ട് ജെ ബി തോമസിനുമാണ് ഇഡി ഇ-മെയിൽ വഴി പരാതി നൽകിയത്. അക്രമികളെ പിടികൂടി നീതി ഉറപ്പാക്കണമെന്ന് ഇഡി പരാതിയിൽ ആവശ്യപ്പെട്ടു.
റേഷൻ കുംഭകോണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ (Shahjahan Shaikh) സന്ദേശ്ഖാലിയിലെ വസതിയിൽ റെയ്‌ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത് (Sandeshkhali ruckus). രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡിനായി ഇഡി ഉദ്യോഗസ്ഥർ ഷെയ്‌ഖിന്‍റെ വസതിയിൽ എത്തിയത്. എന്നാൽ, പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിന്‍റെ പൂട്ട് തകർക്കാൻ കേന്ദ്ര സുരക്ഷ സേനയോട് ഇഡി ആവശ്യപ്പെട്ടു.
ഇതിനിടെ നൂറുകണക്കിന് ടിഎംസി അനുയായികൾ അടങ്ങുന്ന പ്രക്ഷോഭകാരികള്‍ സ്ഥലത്തെത്തുകയും ഇഡി ഉദ്യോഗസ്ഥർക്കും സുരക്ഷ സേനയ്‌ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. തുടർന്ന് ഇഡി ഉദ്യോഗസ്ഥരും സുരക്ഷ സേനയും സംഭവസ്ഥലത്ത് നിന്ന് തിരികെ പോരാൻ നിർബന്ധിതരായി.
50 സിആർപിഎഫ് ജവാന്മാരായിരുന്നു ഇഡി ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ അപലപിച്ച ഗവർണർ സിബി ആനന്ദ് ബോസ് പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പോയി സന്ദർശിച്ചു. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിനെതിരെയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഗുണ്ടകളുടെ വാഴ്‌ചയ്‌ക്കെതിരെയും സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.
ഷാജഹാൻ ഷെയ്ഖ് സന്ദേശ്ഖാലി പ്രദേശത്തെ ഡോണും ടിഎംസി നേതാവുമാണ്. ഇയാൾക്കെതിരെ നിരവധി കൊലപാതക കേസുകളുണ്ട്. പൊലീസ് നടപടിയൊന്നും സ്വകരിക്കുന്നില്ല. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു.
റേഷൻ വിതരണ അഴിമതി കേസിലാണ് അറസ്റ്റ്. റേഷൻ വിതരണ അഴിമതി കേസിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആദ്യയെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. റേഷന്‍ അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി ഒക്‌ടോബര്‍ 26ന് അറസ്റ്റ് ചെയ്‌തിരുന്നു. സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയായ ബക്കിപൂര്‍ റഹ്‌മാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജ്യോതിപ്രിയ മല്ലിക്കിലേക്ക് എത്തിയത്. മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്.
Also read: ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്താനെത്തിയ ഇഡി സംഘത്തിന് നേരെ ആക്രമണം