കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ 42 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആധിപത്യം പുലർത്തി തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി സംസ്ഥാനത്ത് 29 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) 12 സീറ്റിലും കോൺഗ്രസിന് 1 സീറ്റിലും ലീഡ് ചെയ്യുന്നു.
ടിഎംസിയുടെ മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ, കീർത്തി ആസാദ് എന്നിവരെ കൃഷ്‌ണനഗർ, അസൻസോൾ, ബർധമാൻ എന്നിവിടങ്ങളിൽ നിന്ന് വിജയികളായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ട്രെൻഡുകൾ പ്രകാരം 29 സീറ്റുകളിൽ ലീഡ് ചെയ്യുകയും ബിജെപി പിന്നിലാകുകയും ചെയ്യുന്നതിനാൽ തൃണമൂൽ കോൺഗ്രസ് ആധിപത്യം തുടരുമെന്ന പ്രതീക്ഷയിലാണ്.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം നൽകിയ എക്‌സിറ്റ് പോളുകൾക്ക് വിരുദ്ധമായി, തൃണമൂൽ കോൺഗ്രസ് ബിജെപിയെ മറികടന്നു. നേരത്തെ പിന്നിലായിരുന്ന മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ലീഡ് നേടി, കോൺഗ്രസിൻ്റെ അധീർ ചൗധരി മൂവായിരത്തോളം വോട്ടുകൾക്ക് പിന്നിലാണ്.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്ന് 3.14 ലക്ഷത്തിന് മുകളിൽ ലീഡ് ചെയ്യുന്നു. അതുപോലെ, നേരത്തെ കൃഷ്‌ണനഗറിൽ പിന്നിലായിരുന്ന ടിഎംസിയുടെ മഹുവ മൊയ്ത്ര ഇപ്പോൾ ബിജെപിയുടെ അമൃത റോയിയെക്കാൾ 65,000 വോട്ടുകൾക്ക് ലീഡ് നേടിയിട്ടുണ്ട്. അസൻസോൾ ലോക്‌സഭാ സ്ഥാനാർഥി ശത്രുഘ്‌നൻ സിൻഹയും 36,000-ത്തിലധികം വോട്ടിൻ്റെ ലീഡിലാണ്.
42 മണ്ഡലങ്ങളുള്ള കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ രാജ്യം ഉറ്റുനോക്കുന്ന നിരവധി പോരാട്ടങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയം കൃഷ്‌ണനഗർ ആണ്. കൃഷ്‌ണനഗറില്‍ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയും പുറത്താക്കപ്പെട്ട എംപിയുമായ മഹുവ മൊയ്ത്ര ബിജെപിയുടെ 'രാജ്‌മാതാ', അമൃത റോയിക്കെതിരെ മത്സരിക്കുന്നു. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെതിരെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി മത്സരിക്കുന്ന ബെഹ്‌റാംപൂരിലാണ് മറ്റൊരു വലിയ മത്സരം.
ജൂൺ 1 ശനിയാഴ്‌ച വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളില്‍ സംസ്ഥാനത്തെ 42 ലോക്‌സഭ സീറ്റുകളിൽ 21-24 സീറ്റുകൾ ബിജെപി/എൻഡിഎ നേടുമെന്നും തൃണമൂൽ കോൺഗ്രസ് 18-21 സീറ്റുകൾ നേടുമെന്നുമായിരുന്നു പ്രവചനം.
ഏപ്രിൽ മുതൽ ജൂൺ 1 വരെയുള്ള ഏഴ് ഘട്ടങ്ങളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നു. ഒന്നാം ഘട്ടത്തിൽ 81.1%, രണ്ടാം ഘട്ടത്തിൽ 76.58%, മൂന്നാം ഘട്ടത്തിൽ 77.53, നാലാം ഘട്ടത്തിൽ 80.22, അഞ്ചാം ഘട്ടത്തിൽ 78.45%, ആറാം ഘട്ടത്തിൽ 82.71%, അവസാന ഘട്ടത്തിൽ 73.36% എന്നിങ്ങനെയാണ് സംസ്ഥാനത്തെ മൊത്തം പോളിങ്.
ALSO READ: ആദ്യ റൗണ്ടില്‍ പിന്നില്‍ നിന്ന മോദിക്ക് കുതിപ്പ്; വാരണാസിയില്‍ ലീഡ് 64,000 കടന്നു