മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഛത്രപതി സംബാജിനഗറില്‍ വിജയാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഘോഷയാത്രകൾ പാടില്ല എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ക്രമസമാധാനം മുൻനിര്‍ത്തി ജില്ലാ കലക്‌ടർ ദിലീപ് സ്വാമിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിജ്ഞാപനം ഇറക്കിയത്.
യോഗത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് ജില്ലാ കലക്‌ടർ ദിലീപ് സ്വാമി ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ക്രമസമാധാനം മുൻനിര്‍ത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഘോഷയാത്രകൾ പാടില്ല.
പാർട്ടി പ്രവർത്തകർ ഒത്തുചേര്‍ന്നുള്ള ആഘോഷങ്ങളും പാടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ആഘോഷ പരിപാടികള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, മഹാരാഷ്‌ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് 288 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹയുതിയാണ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ മഹാരാഷ്‌ട്രയില്‍ രേഖപ്പെടുത്തിയത്. 66.05ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം. 2019ല്‍ 61.1 ശതമാനം വോട്ടായിരുന്നു രേഖപ്പെടുത്തിയത്.